കണ്ണൂർ സ്ഫോടനം; അനൂപ് മാലിക്ക് നേരത്തെയും സ്ഫോടനക്കേസിലെ പ്രതിയെന്ന് പൊലീസ്

കണ്ണൂർ കീഴറയിലെ സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്ക് നേരത്തെയും സ്ഫോടനക്കേസിലെ പ്രതി. 2016 മാർച്ചിൽ പൊടിക്കുണ്ടിൽ ഇരുനില വീട്ടിൽ നടന്ന സ്ഫോടന കേസിലെ പ്രതിയാണ് അനൂപ് മാലിക്കെന്ന് പൊലീസ് പറഞ്ഞു. പൊടിക്കുണ്ട് രാജേന്ദ്ര നഗർ കോളനിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 6 വീടുകൾക്ക് നാശനഷ്ടം ഉണ്ടായിരുന്നു. 17 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം ഉണ്ടായി. അന്നുണ്ടായത് 4 കോടി രൂപയിൽ ഏറെ നഷ്ടമാണ്. അനൂപ് മാലിക്കിന് അടുപ്പമുണ്ടായിരുന്ന സ്ത്രീയും അവരുടെ മകളും അടക്കം നാലുപേർക്ക് കാര്യമായി പരിക്കേറ്റിരുന്നു.
ഈ കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ നടന്നുവരികയാണ്. അനൂപിന് ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ മകൾ അടക്കമുള്ള ആളുകൾ അനൂപ് മാലിക്കാണ് സ്ഫോടനത്തിന് ഉത്തരവാദിയെന്ന് കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. 2016ൽ പൊട്ടിത്തെറി ഉണ്ടായപ്പോൾ അനൂപ് മാലിക്കും സുഹൃത്ത് റാഹിലയും സഹായിയും അടക്കം മൂന്നുപേർ ആണ് കേസിൽ പ്രതികൾ ആയത്. പ്രദേശത്തുണ്ടായ നാശനഷ്ടങ്ങൾക്ക് ഇടത് സർക്കാർ ഒരുകോടിയോളം രൂപ നഷ്ടപരിഹാരം നൽകി. എന്നാൽ നഷ്ടം നാലുകോടിയും കവിഞ്ഞു എന്നായിരുന്നു പരാതി. കോൺഗ്രസ് നേതാവ് കെ സുധാകരൻ ഇടപെട്ട് നേരത്തെ ഉണ്ടായ കേസുകളിൽ അനൂപ് മാലിക്കിന് സംരക്ഷണം ഒരുക്കിയതായും ആക്ഷേപം ഉയർന്നിരുന്നു.
Tag: Kannur blast; Police say Anoop Malik was an accused in the blast case earlier too