രാജ്യത്തെ 16,504 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 214 മരണം കൂടി.

ന്യൂഡൽഹി/ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ 16,504 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന വർധന 20,000ൽ താഴെയാവുന്നത് തുടർച്ചയായി മൂന്നാം ദിവസം എന്നത് ആശ്വാസം പകരുകയാണ്. ശനിയാഴ്ച 19,079 പേർക്കും ഞായറാഴ്ച 18,177 പേർക്കുമായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. തുടർച്ചയായി കേസുകൾ കുറഞ്ഞുവരുന്നത് രോഗ വ്യാപനത്തിന്റെ തോത് ഗണ്യമായി കുറഞ്ഞതാണ് ചൂണ്ടി കാണിക്കുന്നത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതർ 1,03,40,469 ആയി. ഇതിൽ 99.46 ലക്ഷം പേരും രോഗമുക്തരായി. 96.19 ശതമാനം ആണ് റിക്കവറി നിരക്ക്. അവസാന 24 മണിക്കൂറിൽ 214 പേരാണു വൈറസ് ബാധിച്ചു രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 1,49,649 ആയി. 1.45 ശതമാനമാണ് മരണനിരക്കെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
ആക്റ്റിവ് കേസുകൾ വീണ്ടും കുറഞ്ഞ് 2,43,953ൽ എത്തി. ഇതുവരെ രോഗം ബാധിച്ചവരുടെ 2.36 ശതമാനം മാത്രമാണിത്. ഡിസംബർ 19നാണ് രാജ്യത്തെ മൊത്തം കേസുകൾ ഒരു കോടി പിന്നിട്ടിരുന്നത്. സാംപിൾ പരിശോധന രാജ്യത്തെ ഇതുവരെയുള്ള 17.56 കോടി കടന്നു. ഞായറാഴ്ച 7.35 ലക്ഷം സാംപിളുകളാണു പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു. പ്രതിദിന മരണസംഖ്യയിൽ മുന്നിൽ നിൽക്കുന്ന മഹാരാഷ്ട്രയിൽ 35 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. പശ്ചിമ ബംഗാളിൽ 26, കേരളത്തിൽ 25, ഉത്തർപ്രദേശിൽ 16, ഡൽഹിയിലും ഛത്തിസ്ഗഡിലും മധ്യപ്രദേശിലും14 വീതം പേർ കഴിഞ്ഞ ദിവസം മരണപെട്ടു. മഹാരാഷ്ട്രയിലെ ഇതുവരെയുള്ള മരണം 49,666 ആയി. തമിഴ്നാട്ടിൽ 12,156, കർണാടകയിൽ 12,107, ഡൽഹിയിൽ 10,585, പശ്ചിമ ബംഗാളിൽ 9,792, ഉത്തർപ്രദേശിൽ 8,403, ആന്ധ്രപ്രദേശിൽ 7,115, പഞ്ചാബിൽ 5,376 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മരണസംഖ്യ.