keralaKerala NewsLatest News

കണ്ണൂര്‍ സര്‍വകലാശാലാ തെരഞ്ഞെടുപ്പ് സംഘര്‍ഷം; എംഎസ്എഫ്- കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കുറ്റം

കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എംഎസ്എഫ്-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എസ്‌എഫ്‌ഐ മയ്യില്‍ ഏരിയാ സെക്രട്ടറി അതുല്‍ സി വി നല്‍കിയ പരാതിയിലാണ് 24 എംഎസ്എഫ്-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തത്. കല്ലുകൊണ്ട് തലക്കിടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പരാതി.

ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ നാടകീയമായ കാര്യങ്ങളാണ് നടന്നത്. കാസര്‍ഗോഡ് ജില്ലയിലെ എംഎസ്എഫിന്റെ യു.യു.സി.യെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്നാണ് സംഘര്‍ഷത്തിന് തുടക്കമാകുന്നത്. തുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥി സംഘടനകളായ എസ്‌എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി ശക്തമാകുകയും ചെടിച്ചട്ടിയും ഹെല്‍മറ്റും വടികളും ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തു.

വോട്ടുചെയ്യാനെത്തിയ ഒരു വിദ്യാര്‍ത്ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പും തട്ടിയെടുത്തെന്നാരോപിച്ചും വിവാദമുയര്‍ന്നു. ഇതേ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ തടഞ്ഞുവെക്കുകയും ചെയ്‌തു. എന്നാല്‍ താനൊന്നും തട്ടിയെടുത്തില്ലെന്നും തെളിയിക്കാം എന്നും എസ്‌എഫ്‌ഐ സ്ഥാനാര്‍ഥി വിശദീകരിച്ചു. യുഡിഎസ്എഫ് കള്ളവോട്ട് നടത്തിയെന്നും എസ്‌എഫ്‌ഐ കുറ്റപ്പെടുത്തി.

ചില അവ്യക്തതകളും സംഘര്‍ഷങ്ങളും ഉണ്ടായെങ്കിലും, സര്‍വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 26ാം തവണയും എസ്എഫ്‌ഐ അധികാരം നിലനിര്‍ത്തി. അഞ്ച് ജനറല്‍ സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. സംഭവങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് വിജയം നിലനിർത്തിയതിലൂടെ എസ്എഫ്‌ഐ ശക്തിയാർജ്ജിച്ചുവെന്നാണ് വിലയിരുത്തല്‍.

Tag: Kannur University election violence; Attempted murder charges filed against MSF-KSU activists

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button