ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു, ജലനിരപ്പ് 2391.04 അടി

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നസാഹചര്യത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 2391.04 ആയി. ഇതോടെ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. 2398.85 അടി ഉയരത്തിലെത്തിയാലാണ് ഡാം തുറക്കുന്നത്.ഒക്ടോബർ 20ന് മുൻപ് ജലനിരപ്പ് 2396.85 അടിയിൽ എത്തിയാലാവും ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുക. ജലനിരപ്പ് 2397.85 അടിയിൽ എത്തിയാൽ റെഡ് അലേർട്ടും പ്രഖ്യാപിക്കും. 2398.85 അടിയിലേക്ക് ജലനിരപ്പ് എത്തിയാൽ ഡാം തുറക്കും.
2403 ആണ് ഇടുക്കി ഡാമിലെ അനുവദനീയമായ സംഭരണശേഷി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചിരുന്നു. ഇടുക്കിയിൽ യെല്ലോ അലേർട്ട് തുടരുകയാണ്. എന്നാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വലിയ തോതിൽ ഇല്ലെന്നും, അതിനാൽ ആശങ്ക വേണ്ടെന്നുമാണ് ജില്ലാ ഭരണകൂടവും, കെഎസ്‌ഇബിയും പറയുന്നത്.
അതേ സമയം ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്താനുള്ള സാധ്യത വർദ്ധിച്ചതോടെ വൈദ്യുതി വകുപ്പ് ഇന്നു തിരുവനന്തപുരത്ത് അടിയന്തര യോഗം ചേരും. വൈദ്യുതി ബോർഡ് ചെയർമാനും ഡയറക്ടർമാരും യോഗത്തിൽ പങ്കെടുക്കും.ഡാം തുറക്കുന്നതിനു പകരം ഇടുക്കിയിൽ നിന്നുള്ള ഉത്പാദനം വർദ്ധിപ്പിച്ച് വൈദ്യുതി പുറത്തു വിൽക്കാനുള്ള സാധ്യതകളാണ് ബോർഡ് ആരായുന്നത്.
ഉത്പാദനം നിലവിലുള്ളതിൻറെ ഇരട്ടിയാക്കുന്നതിലൂടെ ഡാമിലെ ജലനിരപ്പ് താഴ്ത്തി നിർത്താനാവുമെന്നതാണ് ഇതിൻറെ മെച്ചം. ഇത്തരത്തിൽ വൈദ്യുതി വിൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ഓർഡർ ലഭിച്ചാലുടൻ മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉത്പാദനം വർദ്ധിപ്പിക്കാനുമാണ് പദ്ധതിയെന്നുമാണ് റിപ്പോർട്ട്.