വോട്ടര്‍ പട്ടിക കോണ്‍ഗ്രസ് ഭരണകാലത്താണ് തയ്യാറാക്കിയതെന്ന് പരാമര്‍ശം; കര്‍ണാടക സഹകരണ മന്ത്രി കെ. രാജണ്ണ രാജി സമര്‍പ്പിച്ചു
കര്‍ണാടക സഹകരണ മന്ത്രി കെ. രാജണ്ണ രാജി സമര്‍പ്പിച്ചു. വോട്ടര്‍ പട്ടിക കോണ്‍ഗ്രസ് ഭരണകാലത്താണ് തയ്യാറാക്കിയതെന്ന് പരാമര്‍ശിച്ചതിന് ദിവസങ്ങള്‍ക്കുശേഷമാണ് രാജി വന്നത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് മന്ത്രിസ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു.
വിധാന്‍ സൗധയിലെത്തി അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളെ കുറിച്ച് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. രാജ്യവ്യാപകമായി കോണ്‍ഗ്രസും ഇന്‍ഡ്യാ മുന്നണിയും പ്രതിഷേധിക്കുന്ന സമയത്താണ് രാജണ്ണയുടെ പ്രസ്താവന പുറത്തുവന്നത്.
“വോട്ടര്‍ പട്ടിക തയ്യാറാക്കിയത് ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ്. അന്ന് എല്ലാവരും കണ്ണടച്ച് മിണ്ടാതെ ഇരുന്നോ? ക്രമക്കേടുകള്‍ നടന്നത് സത്യമാണ്; അത് നമ്മുടെ കണ്‍മുന്നിലാണ് സംഭവിച്ചത്,” എന്നാണ് രാജണ്ണ പറഞ്ഞത്. അദ്ദേഹത്തിന്റെ പരാമര്‍ശം കര്‍ണാടക നിയമസഭയില്‍ ചര്‍ച്ചയാകുകയും, നിയമ-പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പട്ടീല്‍ ഉള്‍പ്പെടെ സംഭവത്തില്‍ വ്യക്തത വരുത്തണമെന്ന് ബിജെപി എംഎല്‍എമാര്‍ ആവശ്യപ്പെടുകയും ചെയ്തു.
Tag: Karnataka Cooperative Minister K. Rajanna resigns over allegations that voter list was prepared during Congress rule