കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുത്; മഅദനിക്കെതിരെ സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലം
ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ കര്‍ണാടകസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യാവാങ്മൂലം നല്‍കി. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നും അങ്ങനെചെയ്താല്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കും എന്നാണ് സത്യവാങ് മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നത്. നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മ അദനിയുടെ ഹര്‍ജിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മഅദനിയെ സ്വതന്ത്രമാക്കിയാല്‍ വീണ്ടും ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും മറ്റ് നിരവധി കേസുകള്‍ മ അദനിക്കെതിരെ ഉണ്ടെന്നും കര്‍ണാടക അഭ്യന്തരവകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പാകിസ്താനിലെ ഇസ്ലാമിക സംഘടനകളുമായി ബന്ധമുള്ള ചില ഭീകരരെ കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരക്കാരുമായി മ അദനി ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്ന ആരോപണമാണ് കര്‍ണാടകം പ്രധാനമായും ഉന്നയിക്കുന്നത്.
ബംഗളൂരു സ്ഫോടനക്കേസില്‍ വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മഅദനി സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞയാഴ്ച ഈ ഹര്‍ജി പരിഗണിക്കവെ മ അദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‍ഡെ പരാമര്‍ശിച്ചിരുന്നു. ബംഗളൂരു സ്ഫോടനകേസില്‍ 2014ലാണ് മ അദനിക്ക് ജാമ്യം ലഭിച്ചത്. എന്നാല്‍ ബംഗളൂരുവില്‍ തന്നെ തുടരണമെന്ന വ്യവസ്ഥ കോടതി അന്ന് മുന്നോട്ടുവച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇപ്പോഴും അദ്ദേഹം ബംഗളൂരുവില്‍ തന്നെ തുടരുകയാണ്.