കർണാടക വാഹനാപകടം; മരിച്ചവരുടെ എണ്ണം 9 ആയി, 29 പേർക്ക് പരിക്ക്
കർണാടകയിലെ ഹാസനിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയർന്നു. അപകടത്തിൽ 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്, അതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. അഞ്ചുപേർ സ്ഥലത്തുതന്നെ, നാലുപേർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഒരു ട്രക്ക് ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയതാണ് ദുരന്തത്തിന് കാരണം. മരിച്ചവരിൽ നാലുപേർ വിദ്യാർത്ഥികളാണ് — മൊസലെ ഹൊസഹള്ളി ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സുരേഷ്, പ്രവീൺ, ജെമിനി, മിഥുൻ. പരിക്കേറ്റവരിൽ 15 വിദ്യാർത്ഥികളും ഉൾപ്പെടുന്നു.
ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ ഭുവനേശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടസമയം അദ്ദേഹം മദ്യലഹരിയിലായിരുന്നുവെന്ന സംശയം നിലനിൽക്കുന്നു. തിരക്കേറിയ എൻഎച്ച്-373 റോഡിലാണ് സംഭവം നടന്നത്. എതിർദിശയിൽ വന്ന ബൈക്കിനെ രക്ഷിക്കാൻ നടത്തിയ ശ്രമമാണ് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്ക് നേരിട്ട് ജനക്കൂട്ടത്തിലേക്ക് കുതിച്ചുകയറാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അന്ന് ഗണേശ നിമജ്ജന ഘോഷയാത്രയോട് അനുബന്ധിച്ച് ഡിജെ ഡാൻസ് നടക്കുകയായിരുന്നു, അതിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്.
അപകടം “ഹൃദയഭേദകം” ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും, പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
Tag: Karnataka road accident; Death toll rises to 9, 29 injured