കരൂർ ദുരന്തം ; 10,000 പേർക്ക് അനുമതി നൽകി എത്തിയത് അഞ്ചിരട്ടിയിലധികം ആളുകൾ
സോഷ്യൽമീഡിയ വഴി പ്രചാരണം നടത്തിയതോടെ നിരവധി പേരാണ് വന്നെത്തിയത്

ചെന്നൈ: കരൂറിൽ വൻ ദുരന്തമുണ്ടായ ടിവികെ റാലിയിലേക്ക് എത്തിയത് അൻപതിനായിരത്തിലധികം പേർ . അനുമതി നൽകിയതിലും അഞ്ചിരട്ടിയിലേറെ ആളുകളെന്ന് പൊലീസ്. പതിനായിരം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ അൻപതിനായിരത്തോളം റാലിക്കെത്തിയെന്നാണ് കണക്കാക്കുന്നതെന്ന് സംഭവസ്ഥലം സന്ദർശിച്ചതിനുശേഷം എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ നിലവിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അന്വേഷണം പൂർത്തിയായ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 10,000 പേർക്കാണ് അനുമതി നൽകിയതെങ്കിൽ അഞ്ചിരട്ടിയിലധികം ആളുകൾ റാലിക്കെത്തി. 500 പൊലീസുകാരെ വിന്യസിച്ചിരുന്നു. എന്നാൽ അമ്പതിനായിരത്തിലധികം പേരാണ് എത്തിയത്. സോഷ്യൽമീഡിയ വഴി പ്രചാരണം നടത്തിയതോടെ നിരവധി പേരാണ് വന്നെത്തിയത്. രാവിലെ പത്തു മണി മുതൽ ആളുകൾ ഇവിടെ കാത്തുനിൽപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വേണ്ടത്ര പൊലീസുകാരെ നിയോഗിച്ചിരുന്നു. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയ്‌ക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് അന്വേഷണം നടക്കട്ടേ എന്നായിരുന്നു എഡിജിപിയുടെ പ്രതികരണം. വിജയ് സഞ്ചരിച്ച വാഹനത്തെ ജനക്കൂട്ടം അനുഗമിച്ചതും അതിനൊപ്പം സഞ്ചരിച്ചതും പ്രശ്‌നമായിട്ടുണ്ടാകാമെന്നും വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.
Karur disaster; permission was given for 10,000 people, but more than five times that number arrived