കരൂർ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപ്പീൽ നൽകി

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ബിജെപി നേതാവ് ഉമാ ആനന്ദൻ ആണ് അപ്പീൽ സമർപ്പിച്ചത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ തള്ളിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെയാണ് ഈ നീക്കം. അപ്പീൽ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അതേസമയം, കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട രണ്ടുപേരുടെ കുടുംബങ്ങൾക്ക് കോൺഗ്രസ് ധനസഹായം കൈമാറി. റാലിക്കിടെ ഉണ്ടായ തിരക്കിലും തിക്കിലും പെട്ട് മരിച്ച തിരുപ്പൂർ സ്വദേശികളായ ജെ. ഗോകുലപ്രിയയുടെയും മണികണ്ഠന്റെയും കുടുംബങ്ങളാണ് സഹായം ലഭിച്ചത്.
കോൺഗ്രസ് ദേശീയ സെക്രട്ടറി ഗോപിനാഥ് പളനിയപ്പനും കരൂർ എംപി എസ്. ജ്യോതിമണിയും ചേർന്ന് 2.5 ലക്ഷം രൂപയുടെ ചെക്കുകൾ ഇരുവരുടെയും കുടുംബങ്ങൾക്ക് കൈമാറി. ദുരന്തത്തിൽ മരിച്ച മറ്റ് 39 പേരുടെയും കുടുംബങ്ങൾക്കും അതത് ജില്ലകളിലെ ബന്ധുക്കൾക്ക് സമാനമായ 2.5 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഗോപിനാഥ് പളനിയപ്പൻ അറിയിച്ചു.
സെപ്റ്റംബർ 27-നാണ് രാജ്യത്തെ നടുക്കിയ ഈ ദാരുണം സംഭവിച്ചത്. വിജയ് പങ്കെടുക്കുന്ന പരിപാടിക്ക് നിശ്ചയിച്ചതിനേക്കാൾ ആറ് മണിക്കൂർ വൈകിയാണ് അദ്ദേഹം എത്തിയത്. ദീർഘനേരം ഭക്ഷണവും വെള്ളവുമില്ലാതെ കാത്തുനിന്ന ജനങ്ങൾ വിജയ് പ്രസംഗം ആരംഭിച്ചതിന് പിന്നാലെ തളർന്നു വീണു. പോലീസും ടി.വി.കെ പ്രവർത്തകരും ആളുകളെ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും ആദ്യ ദിവസം തന്നെ 38 പേർ മരിച്ചു. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിക്കപ്പെട്ടതോടെ മരണസംഖ്യ 41 ആയി. മരിച്ചവരിൽ 10 കുട്ടികൾ, 16 സ്ത്രീകൾ, 12 പുരുഷന്മാർ ഉൾപ്പെടുന്നു.
Tag: Karur tragedy; Appeal filed in Supreme Court seeking CBI probe