കരൂര്‍ ദുരന്തം; വിജയ്ക്കെതിരെ കേസ് എടുക്കേണ്ടെന്ന നിലപാടിൽ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്
കരൂര്‍ ദുരന്തത്തില്‍ 41 പേര് മരണപ്പെട്ട സംഭവത്തിൽ നടനും തമിഴക വെട്രി കഴക (ടിവികെ) നേതാവുമായ വിജയ്ക്കെതിരെ കേസ് എടുക്കേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്. രാഷ്ട്രീയ യോഗങ്ങളിലെ അപകടങ്ങൾക്കായി പാർട്ടി നേതാക്കളെ നേരിട്ട് പ്രതിയാക്കുന്നത് തെറ്റായ മാതൃകയായിരിക്കും എന്നും, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രേരിത നടപടി സ്വീകരിച്ചതായി ആരോപിക്കപ്പെടാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ആണ് സർക്കാരിന്റെ തീരുമാനം. വിജയ് മുന്നോട്ടുവച്ച ഗൂഢാലോചനാരോപണങ്ങളെ അവഗണിച്ച് മുന്നേറാനാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് രാജ്യം നടുങ്ങിയ ദുരന്തം നടന്നത്. നിശ്ചയിച്ചതിനെക്കാൾ ആറു മണിക്കൂർ വൈകി, രാത്രി ഏഴുമണിയോടെയാണ് വിജയ് വേദിയിലെത്തിയത്. അപ്പോൾ വരെ ജനക്കൂട്ടം ഭക്ഷണവും വെള്ളവും ഇല്ലാതെ കാത്തുനിന്നിരുന്നു. പ്രസംഗം തുടങ്ങിയതിന് പിന്നാലെ ആളുകൾ ബോധംകെട്ടുവീഴാൻ തുടങ്ങി. പൊലീസും ടിവികെ പ്രവർത്തകരും ചേർന്ന് ആളുകളെ ആശുപത്രികളിലേക്ക് മാറ്റി. ആദ്യദിവസം തന്നെ 38 പേരുടെ മരണം സ്ഥിരീകരിച്ചു — 10 കുട്ടികൾ, 16 സ്ത്രീകൾ, 12 പുരുഷന്മാർ. തുടർന്ന് മൂന്ന് മരണം കൂടി രേഖപ്പെടുത്തി, മരണസംഖ്യ 41 ആയി.
ദുരന്തത്തിന് പിന്നാലെ പുറത്തിറക്കിയ വീഡിയോയിൽ വിജയ്, “ഹൃദയം വേദന കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജനങ്ങൾ സ്നേഹം കൊണ്ടാണ് വന്നത്. ദുരന്തത്തിൽ രാഷ്ട്രീയം കലരാൻ ഇടയില്ല, സത്യം പുറത്തുവരും” എന്ന് വികാരാധീനമായി പ്രതികരിച്ചു. “അഞ്ച് ജില്ലകളിൽ പരിപാടി നടന്നിട്ടും പ്രശ്നം ഉണ്ടായില്ല, കരൂരിൽ മാത്രം എന്തുകൊണ്ട്? ജനങ്ങൾ സത്യം മനസ്സിലാക്കും. തെറ്റൊന്നും ചെയ്തിട്ടില്ല. എനിക്കെതിരെ എന്ത് വേണമെങ്കിലും ചെയ്യൂ, പക്ഷേ എന്റെ പ്രവർത്തകരെ കുറ്റപ്പെടുത്തരുത്” എന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെ സർക്കാർ വാർത്താസമ്മേളനം വിളിക്കുകയും ഡിഎംകെ നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. സർക്കാർ വക്താവ് അമുദ ഐഎഎസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ, വിജയ് 12 മണിക്ക് എത്തുമെന്ന ടിവികെയുടെ പ്രചാരണം, പ്രവർത്തകർ കടകളുടെ മേൽക്കൂരകളിലേക്ക് കയറുന്നത്, കുഴഞ്ഞുവീണവരെ പൊലീസ് സഹായിക്കുന്നതും തിരക്കിൽ ആളുകൾക്ക് മുകളിലേക്ക് വീണ്ടും ആളുകൾ വീഴുന്നതും ഉൾപ്പെടുത്തിയിരുന്നു. വിജയ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയും അവർ നൽകി.
വൈദ്യുതി വിച്ഛേദിച്ചതായി വന്ന ആരോപണം സർക്കാർ തള്ളി. വൈദ്യുതി തടസ്സപ്പെട്ടിട്ടില്ല, പ്രവർത്തകർ ജനറേറ്ററുകൾ വെച്ച സ്ഥലത്തേക്ക് ആളുകൾ ഇടിച്ചുകയറിയതാണ് പ്രശ്നത്തിന് കാരണമെന്ന് വിശദീകരിച്ചു. ജനറേറ്റർ തകരാറിലായതുകൊണ്ട് ചില ലൈറ്റുകൾ മാത്രം അണഞ്ഞുവെന്നും അതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. വിജയ് എത്തിയതിന് മുമ്പേ സ്ഥലത്ത് ജനക്കൂട്ടം നിയന്ത്രണം വിട്ടിരുന്നു. വാഹനം മുന്നോട്ട് നീക്കരുതെന്ന പൊലീസ് നിർദ്ദേശം സംഘാടകർ അവഗണിച്ചതും അപകടത്തിന് കാരണമായി സർക്കാരിന്റെ ഭാഗത്ത് നിന്ന് ചൂണ്ടിക്കാട്ടി.
തുടർനടപടികൾ ഇനിയും ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി.
Tag: Karur tragedy; Chief Minister M. K. Stalin says no case should be filed against Vijay