കരൂർ ദുരന്തം; മരിച്ചവരുടെ ബന്ധുക്കളോട് വിജയ് മാപ്പു പറഞ്ഞു? കരൂരിൽ നേരിട്ട് വരാതെ 20 ലക്ഷം വേണ്ടെന്ന് യുവതി, തുക തിരികെ നൽകി

കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് അതീവ ദുഃഖിതനാണെന്നും മരിച്ചവരുടെ ബന്ധുക്കളുടെ കാലിൽ വീണു മാപ്പ് പറഞ്ഞുവെന്നും വെളിപ്പെടുത്തൽ. പാർട്ടി പരിപാടിക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും രണ്ട് കൊച്ചുമക്കളെയും മരുമകളെയും നഷ്ടപ്പെട്ട കരൂർ തന്തോണിമല സ്വദേശിനി വേണിയാണ് സംഭവം വെളിപ്പെടുത്തിയത്. വിജയ് കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായും, അദ്ദേഹത്തെ ഏറെ ക്ഷീണിതനായി, മെലിഞ്ഞ നിലയിലായും കണ്ടതായും വേണി പറഞ്ഞു.
ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ മഹാബലിപുരത്തെ ഹോട്ടലിലേക്കു വിളിച്ചു വരുത്തി വിജയ് നേരിൽ കണ്ടു. രാവിലെ ഒമ്പത് മണിയോടെ ഹോട്ടലിലെത്തിയ വിജയ് ആദ്യം മരിച്ചവരുടെ ചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഓരോ കുടുംബത്തെയും പ്രത്യേകം മുറികളിൽ ചെന്നു ആശ്വസിപ്പിച്ചു. വളരെ ശാന്തമായ ശബ്ദത്തിലാണ് അദ്ദേഹം സംസാരിച്ചത്, ഇടയ്ക്കിടെ കരയുകയും ചെയ്തതായി സാക്ഷികൾ പറയുന്നു. ഓരോ കുടുംബത്തോടും ശരാശരി 25 മിനിറ്റ് നേരം വിജയ് സംസാരിച്ചുവെന്നാണ് വിവരം.
അതേസമയം, കരൂരിൽ നേരിട്ട് എത്തി ആശ്വസിപ്പിക്കാത്ത വിജയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നു. ദുരന്തത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട കൊടങ്കിപ്പട്ടി സ്വദേശിനി സംഗവി പെരുമാൾ തനിക്കു ലഭിച്ച 20 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തുക തിരികെ നൽകി പ്രതിഷേധം രേഖപ്പെടുത്തി. വിജയ് വിഡിയോ കോളിലൂടെ നേരിട്ട് എത്തുമെന്ന ഉറപ്പ് നൽകിയിരുന്നുവെന്നും, പക്ഷേ അത് നടപ്പായില്ലെന്നും സംഗവി വ്യക്തമാക്കി.
അതേസമയം, സംഗവിയുടെ ഭർത്താവിന്റെ ബന്ധുക്കളിൽ ചിലർ വിജയ് മഹാബലിപുരത്ത് നടത്തിയ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇത് തന്റെ അറിവില്ലാതെയാണെന്ന് സംഗവി വിശദീകരിച്ചു. എന്നാൽ, അവളുടെ തീരുമാനത്തിനു പിന്നിൽ പ്രാദേശിക രാഷ്ട്രീയക്കാരുടെ ഇടപെടലുണ്ടെന്നാരോപിച്ച് ഭർത്താവിന്റെ വീട്ടുകാർ രംഗത്തെത്തി. തിരുച്ചിറപ്പള്ളിയിൽ വിജയ്‌ക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ വർഷം വിക്രവാണ്ടിയിൽ നടന്ന ടിവികെ സമ്മേളനത്തിൽ ജീവൻ നഷ്ടമായ ഭാരവാഹികളായ ശ്രീനിവാസനും കലൈയിയെയും വിജയ് മറന്നെന്നും കുടുംബങ്ങളെ ഒരിക്കൽ പോലും സന്ദർശിച്ചില്ലെന്നുമുള്ള ആരോപണങ്ങളാണ് പോസ്റ്ററുകളിൽ ഉയർത്തിയിരിക്കുന്നത്. ഇരു സംഭവങ്ങളോടും ടിവികെ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Tag: Karur tragedy; Vijay apologized to the relatives of the deceased? The woman refused to come to Karur in person and returned the amount



