കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതി കിരണ്‍ പിടിയില്‍
പാലക്കാട്: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കിരണ്‍ അറസ്റ്റില്‍. നാലാം പ്രതി കിരണിനെ കൊല്ലങ്കോട് നിന്നാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 25 കോടിയോളം രൂപ കിരണ്‍ കരുവന്നൂര്‍ ബാങ്കില്‍നിന്ന് തട്ടിയെടുത്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതു മുതല്‍ കിരണ്‍ ഒളിവിലാണ്. തമിഴ്നാട്, കര്‍ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ കിരണ്‍ ഒളിവില്‍ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ് തുടങ്ങിയവ കിരണ്‍ ഉപയോഗിച്ചിരുന്നില്ല. വീട്ടിലുള്ളവരേയും ബന്ധപ്പെടാതെയാണ് കിരണ്‍ കഴിഞ്ഞിരുന്നത്. പ്രതി കൊല്ലങ്കോട് ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച ഇയാളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
50 പേരുടെ ബിനാമി പേരുകള്‍ ഉപയോഗിച്ച് 25 കോടി രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തത്. ബാങ്കിലെ ജീവനക്കാരനായിരുന്ന കിരണ്‍ ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍ കുമാറുമായി ഒത്തുചേര്‍ന്നാണ് തട്ടിപ്പുകളെല്ലാം നടത്തിയത്.
തട്ടിപ്പില്‍ നേരിട്ട് പങ്കുള്ള കിരണ്‍ ഒഴികെയുള്ള എല്ലാ പ്രതികളേയും നേരത്തെ പിടികൂടിയിരുന്നു. 100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂര്‍ ബാങ്കിലെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസില്‍ ജൂലായ് 17നാണ് ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.