കാസർഗോഡ് ദേശീയപാത ഇടിഞ്ഞു വീണു; കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

കാസർഗോഡ് ചെറുവത്തൂരിലെ വീരമലക്കുന്ന് ദേശീയപാതയിലേക്ക് മണ്ണ് ഇടിഞ്ഞുവീണു. ദേശീയപാത നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലാണ് കുന്ന് ഇടിഞ്ഞു വീണത്. തലനാരിഴയ്ക്കാണ് വാഹനങ്ങൾ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. റോഡിലേക്ക് മണ്ണും കല്ലും വീണതിനാൽ സ്ഥലത്ത് ഗതാഗതകുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്. മേഘ കൺസ്ട്രക്ഷൻസ് ദേശീയപാത നിർമാണം നടത്തുന്നയിടത്താണ് അപകടം ഉണ്ടായത്. എന്നാൽ, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
നേരെത്തെ തന്നെ ഈ പ്രദേശത്തെ ജില്ലാകളക്ടർ അതീവ ജാഗ്രതാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. മഴ വീണ്ടും ആരംഭിച്ചതോടെ കുന്നിടിയാൻ തുടങ്ങിയത് പ്രദേശവാസികളെയും ഇതുവഴി പോകുന്ന വാഹനങ്ങളെയും ആശങ്കയിലാക്കിയിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണസംവിധാനത്തിന്റെ നിർദേശ പ്രകാരം നിർമാണ കമ്പനി ഈ പ്രദേശത്ത് വെളിച്ചവും നിരീക്ഷണത്തിന് കമ്പനി ജീവനക്കാരെയും നിയമിച്ചിരുന്നു. ദേശീയപാത അതോറിറ്റി നിയോഗിച്ച ഉന്നതതല സംഘം വീരമലക്കുന്ന് സന്ദർശിച്ചെങ്കിലും കാര്യമായ പരിശോധന നടത്താതെ തിരിച്ചു പോവുകയായിരുന്നു. അപകടത്തെ തുടർന്ന് മന്ത്രി എ കെ ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ട്.
Tag: Kasaragod National Highway collapses; vehicles heading towards Kannur involved in accident