കാസര്‍ഗോഡ് ടാങ്കർ ലോറി അപകടം; വാതകചോർച്ച താൽക്കാലികമായി നിയന്ത്രിച്ചു

കാസര്‍ഗോഡ് പടന്നക്കാട് പാചകവാതക ടാങ്കർ ലോറി മറിഞ്ഞ സംഭവത്തിൽ സംഭവിച്ച ഗ്യാസ് ചോർച്ച താൽക്കാലികമായി അടച്ചു. മംഗലാപുരത്തിൽ നിന്ന് എത്തിയ വിദഗ്ധ സംഘമാണ് ടാങ്കറിലെ വാൽവിലുണ്ടായ തകരാർ പരിഹരിച്ചത്. അതേസമയം, 18 ടൺ ഭാരമുള്ള ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
വൈകുന്നേരം നാലുമണിയോടെയാണ് മംഗലാപുരത്തെ ഇമർജൻസി റെസ്‌പോൺസ് ടീം (ERT) കാഞ്ഞങ്ങാട്ടെത്തിടാങ്കറിലെ വാൽവിന്റെ തകരാർ പരിഹരിച്ച്, ഏഴു മണിക്കൂർ നീണ്ട വാതകചോർച്ച നിയന്ത്രിച്ചത്. നാലു യൂണിറ്റ് ഫയർഫോഴ്‌സും, പോലീസും, എൻഡിആർഎഫ് സംഘവും ചേർന്നാണ് വലിയ അപകടം ഒഴിവാക്കാൻ പ്രവർത്തിച്ചത്.
പ്രദേശത്ത് കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടാങ്കർ ലോറി മറിഞ്ഞ പ്രദേശത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു.
മൊബൈൽ ഫോൺ സേവനങ്ങളും വൈദ്യുതിയും താൽക്കാലികമായി വിച്ഛേദിച്ചിരിക്കുന്നു. ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നതും പുകവലിക്കുന്നതും ഇന്വെർട്ടറുകൾ പോലുള്ള വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതും തികച്ചും നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം മംഗലാപുരത്ത് നിന്ന് പാചകവാതകം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുകയായിരുന്ന ടാങ്കർ ലോറി, ഒരു സ്വകാര്യ ബസിന് സൈഡ് നൽകുന്നതിനിടെ വണ്ടിമാറി വയലിലേക്ക് മറിഞ്ഞതോടെയാണ് അപകടത്തിന് തുടക്കമായത്.
Tag: Kasaragod tanker lorry accident; Gas leak temporarily controlled