Kerala NewsLatest News

മന്ത്രിസ്ഥാനം രണ്ടാമൂഴം: പ്രശ്‌നം വ്യക്തിപരമല്ല തികച്ചും രാഷ്ട്രീയമെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാര്‍

മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലേക്കായതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും വ്യക്തിപരമായ പ്രശ്നങ്ങളല്ലെന്നും കോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാര്‍. മന്ത്രിസഭാ രൂപീകരണവുമായി യാതൊരു അസംതൃപ്തിയുമില്ല. എല്‍ഡിഎഫ് യോഗത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എടുത്തതാണ് രണ്ട് ഘട്ടമായി മന്ത്രിസ്ഥാനം പങ്കിടുക എന്നത്. പ്രചരിക്കുന്ന വാര്‍ത്തകളോട് മറുപടി പറയേണ്ടതില്ല എന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.

സഹോദരി മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിനാലല്ല തന്റെ മന്ത്രിസ്ഥാനം രണ്ടാമത് ആയത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയമറിയാവുന്ന എല്ലാവര്‍ക്കും ഇക്കാര്യം മനസിലാകുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

കെബി ഗണേഷ് കുമാറിന് മന്ത്രിസഭയില്‍ ആദ്യ ടേം ലഭിക്കാതിരിക്കാന്‍ കാരണം കുടുംബ പ്രശ്നമെന്ന രീതിയില്‍ റിപോര്‍ടുകളുണ്ടായിരുന്നു. ഈ മാസം മൂന്നാം തീയതി അന്തരിച്ച പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയുടെ വില്‍പത്രവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ ഗണേഷിന്റെ സഹോദരി ഉഷാ മോഹന്‍ദാസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചതോടെയാണ് ആദ്യടേമില്‍ മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു.

പിതാവിന്റെ വില്‍പത്രത്തില്‍ ചില തിരിമറികള്‍ നടന്നിട്ടുണ്ടെന്ന് ഉഷാ മോഹന്‍ദാസ് പിണറായിയെയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും നേരില്‍ കണ്ട് അറിയിച്ചെന്നാണ് റിപോര്‍ടില്‍ പറയുന്നത്. ഗണേഷാണ് ഈ തിരിമറിക്കു പിന്നിലെന്നാണ് അവര്‍ സംശയിക്കുന്നത്. കൊട്ടാരക്കരയിലും പത്തനാപുരത്തുമായി കോടിക്കണക്കിനു സ്വത്താണ് പിള്ളയ്ക്കുള്ളത്.

ഇതോടൊപ്പം സോളാര്‍ കേസിലെ വിവാദ വനിതയും ഗണേഷ് കുമാറും തമ്മില്‍ ബന്ധപ്പെട്ട വിവരങ്ങളും സഹോദരി പിണറായിയെ അറിയിച്ചു. പുതിയ സര്‍കാര്‍ സ്ഥാനമേല്‍ക്കുമ്ബോള്‍ അതിലെ ഒരംഗവുമായി ബന്ധപ്പെട്ട് ഇത്തരമൊരു വിവാദം ഉയരാന്‍ സിപിഎം ആഗ്രഹിക്കുന്നില്ല.

അതിനാല്‍ ആദ്യ ടേമില്‍ ഗണേഷ് കുമാറിനു മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ പാര്‍ടി എത്തുകയായിരുന്നു. നിയമസഭയില്‍ ഒരംഗമുള്ള നാലു ഘടകകക്ഷികള്‍ രണ്ടു മന്ത്രിസ്ഥാനം പങ്കിടുകയെന്നതാണ് എല്‍ഡിഎഫിലെ തീരുമാനം.

ഇതനുസരിച്ച്‌ ഗണേഷിനും ആന്റണി രാജുവിനും കടന്നപ്പള്ളി രാമചന്ദ്രനും അഹ് മദ് ദേവര്‍കോവിലിനും രണ്ടര വര്‍ഷം വീതം മന്ത്രിയാവാം. എല്‍ഡിഎഫ് യോഗം ചേര്‍ന്നപ്പോള്‍ ഗണേഷ് കുമാര്‍ ആദ്യ ടേം ആവശ്യപ്പെട്ടിരുന്നു. രണ്ടാം ടേം മതിയെന്ന് ആന്റണി രാജു അറിയിക്കുകയും ചെയ്തു. എന്നാല്‍ ആന്റണി രാജു ആദ്യം മന്ത്രിയാവട്ടെയെന്ന് പിണറായി നിര്‍ദേശിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button