മറവ് ചെയ്യാന്‍ സമ്മതിച്ചില്ല, വൃദ്ധന്റെ മൃതശരീരം രണ്ട് കിലോമീറ്ററോളം ചുമന്ന് വനിത സബ്ഇന്‍സ്‌പെക്ടര്‍

ഹൈദരാബാദ്: അജ്ഞാതനായ വൃദ്ധന്റെ മൃതശരീരം രണ്ട് കിലോമീറ്ററോളം ചുമന്ന് വനിത സബ്ഇന്‍സ്‌പെക്ടര്‍ ആന്ധ്രയിലാണ് സംഭവം നടന്നത്. ശ്രീകാകുളം ജില്ലയിലെ പലാസയിലെ നെല്‍പ്പാടത്തിലൂടെ സബ് ഇന്‍സ്പെക്ടറായ കെ.സിരീഷ മറ്റൊരാളിനോടൊപ്പം മൃതശരീരം ചുമന്ന് നടക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
വൃദ്ധന്റെ മൃതശരീരം മറവ് ചെയ്യാന്‍ ഗ്രാമീണര്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. പിന്നീട്, മറ്റൊരിടത്ത് മൃതദേഹം സംസ്‌കരിക്കാന്‍ പൊലീസ് തീരുമാനിച്ചു. മൃതദേഹം എടുക്കാന്‍ മറ്റുള്ളവര്‍ മടിച്ചപ്പോള്‍ സിരിഷ തന്നെ അതിനായി മുന്നോട്ടു വന്നു. മാഡം മാറിനിന്നോളൂ, ഞാനെടുക്കാം എന്ന് ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. സാരമില്ല ഞാന്‍ ചെയ്യാമെന്ന് സിരീഷ മറുപടി നല്‍കുന്നതും വീഡിയോയിലുണ്ട്.
സീരിഷയുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തിയെ ഡി.ജി.പി ഗൗതം സാവംഗ് ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അഭിനന്ദിച്ചു.