Kerala NewsLatest NewsNationalNewsUncategorized

അറവുശാലയിലേക്ക് എടുക്കും മുൻപ് കൊടുക്കുന്നത് കാടി വെള്ളം, ബി പി സി എൽ കേന്ദ്രം വിറ്റുതുലക്കുമെന്ന് കെസി വേണുഗോപാൽ

ന്യൂ ഡെൽഹി: കൊച്ചിയിലുൾപ്പെടെ നാല് റിഫൈനറികളുള്ള ബിപിസിഎൽ പ്ലാന്റും അതിനോടനുബന്ധിച്ചുള്ള 2000 ഏക്കറിനടുത്ത് ഭൂമിയും കുത്തകകൾക്ക് തീറെഴുതുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രണ്ടുമാസത്തിനുള്ളിൽ ബിപിസിഎൽ തന്നെ വിറ്റുതുലയ്ക്കാനാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിക്കുന്നത്,

രാജ്യത്തെ സമ്പദ്ഘടനയ്ക്ക് സുപ്രധാന സംഭാവന നൽകുന്ന മഹാരത്ന, നവരത്ന, മിനി രത്ന കമ്പനികളെ സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്ത ശേഷം ബിപിസിഎല്ലിലെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു, അത് കേരളത്തിന് സമർപ്പിക്കുന്നുവെന്നെല്ലാം കൊട്ടിഘോഷിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ രാജ്യത്തെയും ജനങ്ങളെയും വിഡ്ഢികളാക്കുകയാണെ്ന്നും അദ്ദേഹം പറയുന്നു.

കെ സി വേണു​ഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്

കേന്ദ്ര സർക്കാർ തന്നെ വില്പനയ്ക്ക് വെച്ച ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിലെ പുതിയ പദ്ധതി പ്രധാനമന്ത്രി കേരളത്തിലെത്തി ഉദ്ഘാടനം ചെയ്യുന്ന പ്രഹസനത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്! അറുവുശാലയിലേക്ക് നയിക്കും മുമ്പ് കാടിവെള്ളം നൽകുന്നതുപോലെ. അതിനു കുട പിടിച്ചു കൊടുക്കാൻ സംസ്ഥാന സർക്കാരും.

കേരളത്തിലേക്ക് വലിയ പദ്ധതി കൊണ്ടുവരുന്നു എന്ന വിധത്തിൽ സംസ്ഥാനത്തെ തെറ്റിദ്ധരിപ്പിച്ചാണ് കൊച്ചി റിഫൈനറിയോട് ചേർന്നുള്ള പ്രൊപെലെൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ പദ്ധതി(പിഡിപിപി)ക്കു വേണ്ടി സ്ഥലം ഏറ്റെടുപ്പിച്ചത്.

ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിലെ ഏറ്റവും വലുതുമായ പദ്ധതി 132 ഏക്കറിൽ യാഥാർത്ഥ്യമാവുമ്പോൾ കേരളം ആഹ്ലാദിക്കേണ്ടതാണ്. രാജ്യാന്തര നിലവാരമുള്ള റിഫൈനറിയെന്ന മേന്മയ്‌ക്കൊപ്പം ബിഎസ് 6 നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ ഉൽപാദിപ്പിക്കാൻ കഴിയുമെന്നതാണ് ഐആർഇപിയുടെ തുടർച്ചയായി സ്ഥാപിക്കുന്ന പെട്രോകെമിക്കൽ കോംപ്ലക്‌സിന്റെ സുപ്രധാന നേട്ടം.

ആദ്യ ഘട്ടത്തിൽ മുതൽ മുടക്ക് 5500 കോടി രൂപയും മൊത്ത നിക്ഷേപം 16,800 കോടിയുമാണ്. അസംസ്‌കൃത എണ്ണ (ക്രൂഡ്) ശുദ്ധീകരിച്ച് ഇന്ധനമാക്കുമ്പോൾ ഉപോൽപന്നമായി അഞ്ച് ലക്ഷം ടൺ പ്രൊപ്പിലീൻ ലഭിക്കും. ഇതുപയോഗിച്ച് അക്രിലിക് ആസിഡ്, അക്രിലേറ്റ്‌സ്, ഓക്‌സോ ആൽക്കഹോൾസ്, പോളിയോൾസ് തുടങ്ങിയവ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യവും പെട്രോകെമിക്കൽ കോംപ്ലക്‌സിനുണ്ടായിരുന്നു.

എന്നാൽ രണ്ടുമാസത്തിനുള്ളിൽ ബിപിസിഎൽ തന്നെ വിറ്റുതുലയ്ക്കാനാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്ന് തിരിച്ചറിയുമ്പോഴാണ് ഉദ്ഘാടന ചടങ്ങ് ചോദ്യം ചെയ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ ജങ്ങളുടെ നകണ്ണിൽ പൊടിയിടാൻ മാത്രമാണ് ഉദ്ഘാടനവും മോദിയുടെ പ്രഖ്യാപനങ്ങളുമെന്ന് കാണാം.

രാജ്യത്തിന്റെ ഭാവിയിലേക്കുള്ള പ്രയാണത്തിൽ നാഴികക്കല്ലാവേണ്ട വിധമാണ് മുൻകാല കോൺഗ്രസ് സർക്കാറുകൾ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അടിത്തറ പാകിയത്. ബിപിസിഎല്ലിനെ കൂടാതെ ഇന്ന് പ്രധാനമന്ത്രി പദ്ധതി സമർപ്പണം നടത്തുന്ന കൊച്ചി റിഫൈനറി, കൊച്ചി പോർട്ട് ട്രസ്റ്റ്, ഷിപ്പ് യാർഡ്, ഫാക്ട് എന്നിവയും കോൺഗ്രസ് സർക്കാറുകൾ ഈ രാജ്യത്തിന് നൽകിയ കരുത്തുറ്റ പൊതുമേഖലാ സ്ഥാപനങ്ങളാണെന്നോർക്കണം.

ദീർഘവീക്ഷണത്തോടെ വിഭാവനം ചെയ്ത ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങളെ കുത്തകകൾക്ക് തീറെഴുതുന്ന സമീപനമാണ് ബിജെപി സർക്കാർ സ്വീകരിച്ചുവരുന്നത്. രണ്ടാം മോദി സർക്കാർ അതിന്റെ വേഗം കൂട്ടി. പൊതുമുതൽ മുടക്കി സ്ഥാപിച്ച രാജ്യത്തിൻറെ അഭിമാനമായ സ്ഥാപനങ്ങളെ സ്വകാര്യ കമ്പനികളുടെ ലാഭത്തിനു വിറ്റൊഴിക്കുന്ന കേട്ടുകേൾവിയില്ലാത്ത നടപടികൾ ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമാണ്.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യവത്കരണ പ്രഖ്യാപനമാണ് കേന്ദ്രബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നടത്തിയത്. രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ ഭാരത് പെട്രോളിയം കമ്പനി ഉൾപ്പെടെയുള്ള അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാൻ 2019-ൽ തന്നെ തീരുമാനിച്ചിരുന്നു. നവംബർ 20ന് കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്ന് ബിപിസിഎല്ലും ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും ടിഎച്ച്ഡിസി ഇന്ത്യയും നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷൻ ലിമിറ്റഡും വിറ്റഴിക്കാൻ ഔദ്യോഗിക അംഗീകാരം നൽകി.

കൊച്ചിയിലുൾപ്പെടെ നാല് റിഫൈനറികളുള്ള ബിപിസിഎൽ പ്ലാന്റും അതിനോടനുബന്ധിച്ചുള്ള 2000 ഏക്കറിനടുത്ത് ഭൂമിയും കുത്തകകൾക്ക് തീറെഴുതുകയാണ്. രാജ്യത്തെ സമ്പദ്ഘടനയ്ക്ക് സുപ്രധാന സംഭാവന നൽകുന്ന മഹാരത്ന, നവരത്ന, മിനി രത്ന കമ്പനികളെ സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്ത ശേഷം ബിപിസിഎല്ലിലെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു, അത് കേരളത്തിന് സമർപ്പിക്കുന്നുവെന്നെല്ലാം കൊട്ടിഘോഷിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ രാജ്യത്തെയും ജനങ്ങളെയും വിഡ്ഢികളാക്കുകയാണ്….

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button