ഹിന്ദുത്വത്തെ കൂട്ടുപിടിച്ച് അധികാരം വിപുലീകരിക്കാന്‍ കേജരിവാള്‍
ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ സമരത്തില്‍ അണ്ണാഹസാരെയുടെ നിഴലായി നിന്ന് അധികാരത്തില്‍ വന്നയാളാണ് അരവിന്ദ് കേജരിവാള്‍. ഇത്തവണ ഡല്‍ഹിയില്‍ പുതിയ വാഗ്ദാനങ്ങളൊന്നും നല്‍കാനില്ലെന്നു ബോധ്യമായതോടെ ആം ആദ്മി പാര്‍ട്ടി സംസ്ഥാനം വിട്ട് പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. സ്വപ്‌നസമാന വാഗ്ദാനങ്ങളിലൂടെ മാത്രം അധികാരം കൈവരിക്കാനാവില്ലെന്നും കേജരിവാളിന് ബോധ്യമായിട്ടുണ്ട്.
അതിനാല്‍ ഹൈന്ദവവികാരം ആളിക്കത്തിച്ച് അധികാരം പിടിക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്. വടക്കേ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് തന്റെ ഹൈന്ദവത്വം കേജരിവാള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതോടൊപ്പം ദേശീയതയും പ്രകടിപ്പിക്കാനാവുന്നിടത്തെല്ലാം പ്രകടിപ്പിക്കുന്നുമുണ്ട്. തുടര്‍ച്ചയായി ഡല്‍ഹിയില്‍ അധികാരത്തിലേറിയിട്ടും ആം ആദ്മി പാര്‍ട്ടിക്കുള്ള പോരായ്മയായി വിമര്‍ശകര്‍ ഉന്നയിക്കുന്നത് ആശയപരമായ പിന്നോക്കാവസ്ഥയാണ്.
അരവിന്ദ് കേജരിവാളെന്ന രാഷ്ട്രീയ നേതാവ് മാത്രമാണ് ആം ആദ്മിയുടെ കരുത്ത്. അതിനപ്പുറത്തേക്ക് ആ പാര്‍ട്ടി മറ്റൊരു നേതാവിനെ കണ്ടെത്തുമോ എന്ന കാര്യം ആര്‍ക്കും ഉറപ്പില്ല. എന്നാല്‍ തന്റെ പ്രതിച്ഛായയെ വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് ഇപ്പോള്‍ കേജരിവാള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ആശയങ്ങളില്‍ വലതു ചായ്‌വ് പ്രകടമാക്കുക, ദേശീയത മുറുകെ പിടിക്കുക, മതാധിഷ്ഠിത നയങ്ങള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുക എന്നീ കാര്യങ്ങളിലാണ് ആം ആദ്മി ചീഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇതിനൊപ്പം മതനിരപേക്ഷതയുടെ പേരില്‍ ന്യൂനപക്ഷത്തേയും ചേര്‍ത്ത് നിര്‍ത്തും. പഞ്ചാബിന് പുറമേ യുപിയിലും ആംആദ്മിക്ക് കണ്ണുണ്ട്. ഗുജറാത്ത്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി മത്സരിക്കും. ഈ മാസം 14ന് പാര്‍ട്ടിയുടെ തിരംഗ സങ്കല്‍പ് യാത്ര നടക്കുന്നതിനുള്ള വേദിയായി തിരഞ്ഞെടുത്തത് അയോധ്യയാണ്. രാമജന്മഭൂമിക്ക് അനുകൂല നിലപാടാകും ആം ആദ്മി എടുക്കുക. രാമജന്മഭൂമി സ്ഥിതി ചെയ്യുന്ന അയോധ്യയെത്തന്നെ യാത്രയ്ക്കായി തിരഞ്ഞെടുത്തതിലൂടെ എഎപിയുടെ ലക്ഷ്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണ്.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ആം ആദ്മി യാത്രകള്‍ സംഘടിപ്പിക്കുന്നത്. നോയിഡയിലും ആഗ്രയിലും യാത്രകള്‍ നേരത്തേ നടന്നിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണു യാത്ര നയിച്ചത്. അയോധ്യയിലെ യാത്ര ദേശീയതയും മത താല്‍പര്യങ്ങളും കൂടിച്ചേരുന്നതാകുമെന്നാണു റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡെറാഡൂണില്‍ നടന്ന ദേവ്ഭൂമി സങ്കല്‍പ് യാത്രയില്‍ എഎപി ഭരണത്തിലെത്തിയാല്‍ ഹിന്ദുക്കളുടെ ആത്മീയ കേന്ദ്രമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്നു കേജരിവാള്‍ പ്രഖ്യാപിച്ചിരുന്നു.
ഡല്‍ഹിയിലെ സ്‌കൂളുകളില്‍ എഎപി സര്‍ക്കാര്‍ ദേശഭക്തി കരിക്കുലം നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് കേജരിവാളും മന്ത്രിമാരും കുടുംബസമേതം ലക്ഷ്മിപൂജയില്‍ പങ്കെടുത്തു. ഈ വര്‍ഷം ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്കും പാര്‍ട്ടി മുന്നിട്ടിറങ്ങുന്നുണ്ട്. ഭൂരിപക്ഷ സമുദായങ്ങളുടെ പരിപാടികളുടെ ഭാഗമാകുന്നതിലൂടെ വോട്ട് ബാങ്ക് വിപുലപ്പെടുത്താനാണ് നീക്കം. ഇതോടെ കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും കേജരിവാളിനെ ബിജെപിയുടെ ബി ടീം എന്ന ലേബലില്‍ മുദ്രകുത്താന്‍ സാധ്യതയുണ്ട്. ഈ മുദ്രതന്നെയാണ് കേജരിവാള്‍ ആഗ്രഹിക്കുന്നതും.