കെൽട്രോൺ സിംബാബ്‌വേ മാർക്കറ്റിലേക്ക് വരുന്നു;കരാർ ഒപ്പുവെച്ചു

കൊച്ചി:കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെൽട്രോൺ) സിംബാബ്‌വേ മാർക്കറ്റിലേക്ക് പ്രവേശിക്കുന്നു. ഉൽപ്പന്നങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നതിനായി ഈ പൊതുമേഖലാ സ്ഥാപനം സിംബാബ്‌വേ സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു.സിംബാബ്‌വേയിലെ വ്യവസായ-വാണിജ്യ ഉപമന്ത്രിയായ രാജേഷ് കുമാർ ഇന്ദുകാന്ത് മോഡി വെള്ളിയാഴ്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവിന് പർച്ചേസ് ഓർഡർ കൈമാറിയിരുന്നു. സിംബാബ്‌വേ ആസ്ഥാനമായുള്ള സിന്‍ഡിയയുമായാണ് കെൽട്രോണിന്റെ കരാർ ഒപ്പുവെച്ചത്.
പ്രാരംഭ കരാർ പ്രകാരം കെൽട്രോൺ ‘കോകോണിക്സ്’ ബ്രാൻഡിൽ 3,000 ലാപ്‌ടോപ്പുകൾ നിർമ്മിച്ച് സിംബാബ്‌വേയ്ക്ക് നൽകുമെന്ന് മന്ത്രി രാജീവ് പറഞ്ഞു. ട്രാഫിക് ലൈറ്റുകൾ, സൗരോർജ സംവിധാനങ്ങൾ, സേവനങ്ങൾ എന്നിവയും വിതരണം ചെയ്യും.സിംബാബ്‌വേയിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ, അസംബ്ലി യൂണിറ്റ് എന്നിവ സ്ഥാപിക്കാൻ കെൽട്രോൺ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.കുറഞ്ഞ ചെലവുള്ള ചെരുപ്പ്, തോൽ ഉൽപ്പന്നങ്ങൾ, ഉപഭോക്തൃ ഇലക്ട്രോണിക് അസംബ്ലി, സൗരോപകരണങ്ങൾ, കാർഷിക ഉൽപ്പന്ന പ്രോസസ്സിംഗ്, റെയിൽ പുനരുദ്ധാരണ മേഖലകൾ എന്നിവയിൽ കേരളം ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപകർക്ക് സിംബാബ്‌വേ മികച്ച സാധ്യതകളുള്ള ലക്ഷ്യസ്ഥാനമാണിതെന്നും മന്ത്രി പറഞ്ഞു.
Keltron is coming to the Zimbabwe market; the contract has been signed.