CinemaEditor's ChoiceKerala NewsLatest NewsMovieNationalNews

ജോൺ എബ്രഹാമിന് ശേഷം കെഞ്ചിര

ജോൺ എബ്രഹാമിന് ശേഷം മലയാളം ഇന്നേ വരെ ഒരു ഒരു ജനകീയ സിനിമാക്കാരനെ കണ്ടിട്ടില്ല. ജനകീയ കൂട്ടായ്മകളുടെ സഹായത്തോടെയും, സഹകരണത്തോടെയും സിനിമ പിടിക്കുന്ന ഒരു ചലച്ചിത്രകാരനെ. ജോൺ എപ്പോഴും കൊഴുപ്പിക്കുന്ന സിനിമകളിൽ നിന്നും അകലെയായിരുന്നു. യാഥാർഥ്യങ്ങളുടെ ഉൾഞരമ്പുകളായിരുന്നു ജോണിനെ കൊണ്ട് പറയിച്ചത്. ജനങളുടെ ഹൃദയത്തോടും ആ ഹൃദയ താളങ്ങളോടും ചേർന്നായിരുന്നു ജോണിന്റെ സിനിമകളുടെ നിർമ്മാണവും പ്രമേയങ്ങളുമൊക്കെ. ജോണിന്റെ പിന്മുറക്കാരനായി മലയാള സിനിമയിൽ ഒരു ചലച്ചിത്രകാരൻ കൂടി കടന്നു വന്നിരിക്കുകയാണ്. അയാൾ തന്റെ കഴിവും കരുത്തും തെളിയിക്കുകയും ചെയ്തിരിക്കുന്നു.

മനോജ് കാന ആണത്. സംസ്ഥാന ചലചിത്ര പുരസ്കാര നിർണ്ണയത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായ കെഞ്ചിരക്ക് ലഭിച്ച പുരസ്കാരം വയനാട്ടിലെ ജനതയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് സംവിധായകൻ മനോജ് കാന പറയുന്നതും അതുകൊണ്ടു തന്നെ. വയനാട്ടിലെ നേര് കൾച്ചറൽ സൊസൈറ്റിയും മങ്ങാട് ഫൗണ്ടേഷനും ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ എങ്കിലും, കെഞ്ചിറ ഒരു ജനകീയ സിനിമയാണ്. ജനങ്ങളിൽ നിന്ന് സ്വരൂപിച്ച പണം കൊണ്ട് നിർമ്മിച്ച ഒരു ജനകീയ സിനിമ. ഒരു ജനതയുടെ ജീവിതത്തിന്റെ കയ്പുനീരുകൾ ഒപ്പിയെടുത്ത് ആവിഷ്‌ക്കരിച്ചിരിക്കുന്ന ഒരു ചലച്ചിത്രം. ജോൺ അബ്രാഹാമിന്റെ സിനിമകളിൽ അവലഭിക്കാൻ ശ്രമിച്ചിരിക്കുന്ന ശൈലിയിൽ, യാഥാർത്ഥ്യ ബോധത്തിന്റെ ഉൾത്തടങ്ങളിലെ നൊമ്പരങ്ങൾ കൊണ്ടാണ് മനോജ് കാനയും കെഞ്ചിര പറഞ്ഞിരിക്കുന്നത്. അത് ഒരു ജനകീയ പങ്കാളിത്തോടെ ആണെന്നതും ശ്രദ്ധേയമാവുകയാണ് ഇവിടെ.
വയനാട്ടിലെ ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിൽ 23 ഓളം വർഷക്കാലമായി ഇടപെടുന്ന അളാണ് താനെന്നും ആ സന്ദർഭങ്ങളിൽ താൻ നേരിട്ടനുഭവിച്ച അ ജനതയുടെ പ്രശ്നങ്ങളാണ് ചിത്രത്തിലൂടെ വരച്ച് കാട്ടാൻ ശ്രമിച്ചതെന്നും മനോജ് കാന നവകേരള ഓൺലൈനോട് പറഞ്ഞു. പൊതു സമൂഹത്തിന് ഒരു പക്ഷെ ഉൾക്കൊളളാനും തിരിച്ചറിയാനും പറ്റുന്നതല്ല ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിടെ പ്രശ്നങ്ങൾ. ചിത്രം അംഗീകരിക്കപ്പെടുമ്പോൾ അത് അവരുടെ പ്രശ്നങ്ങൾക്കുള്ള പരിഗണന കൂടിയാണ്. അതിൽ താൻ അതിവ സന്തോഷവാനാണെന്നും മനോജ് കാന പറഞ്ഞു.

നേര് കൾച്ചറൽ സൊസൈറ്റിയും മങ്ങാട് ഫൗണ്ടേഷനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആദിവാസി ഗോത്രത്തിൽ നിന്നും ഒമ്പതാം ക്ലാസ്സിലെത്തുന്ന ഒരു പതിമൂന്നു വയസ്സുകാരിയാണ് കെഞ്ചിര. ആദ്യമായാണ് ആ ഗോത്രത്തിൽ നിന്നും ഒരു കുട്ടി ഒമ്പതാം ക്ലാസ്സിലെത്തുന്നത്. എല്ലാ മേഖലയിൽ നിന്നും അവൾ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളും പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്. അതു വഴി ആ സമൂഹം നൂറ്റാണ്ടുകളായി അനുഭവിച്ചു വരുന്ന അവഗണനയും പ്രതിസന്ധികളും കൂടി കെഞ്ചിര എന്ന സിനിമയിലൂടെ ചർച്ച ചെയ്യുന്നു.

കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനുഷ ഉൾപ്പെടെ ചിത്രത്തിൽ അഭിനയിച്ച അഭിനേതാക്കളിൽ ഏറിയ പങ്കും കോളനിയിൽ നിന്നുള്ളവരാണ്. കോളനിയ്ക്ക് പുറത്തു നിന്നുള്ള​ കഥാപാത്രങ്ങളായി എത്തുന്നവരെയാണ് ജോയ് മാത്യു പോലുള്ളവർ അവതരിപ്പിച്ചിരിക്കുന്നത്. പതിമൂന്നു വീടുകൾ ഉള്ളൊരു കോളനിയുണ്ട് ചിത്രത്തിൽ, ആ കോളനിയാണ് മറ്റൊരു പ്രധാന കഥാപാത്രം. പണിയ ഭാഷയിൽ തന്നെയാണ് ചിത്രത്തിലെ സംഭാഷണങ്ങളും.
മികച്ച രണ്ടാമത്തെ ചിത്രത്തിന് പുറമെ രണ്ട് പുരസ്കാരങ്ങൾ കൂടി കെഞ്ചിരി സ്വന്തമാക്കി.’ മികച്ച ഛായാഗ്രാഹകനും, മികച്ച വസ്ത്രാലങ്കാരത്തിനുമുള്ള പുരസ്കാരം ചിത്രം സ്വന്തമാക്കി. ഇത് മൂന്നാം തവണയാണ് മനോജ് കാന സംസ്ഥാന പുരസ്കാര നിറവിലെത്തുന്നത്. ആദ്യ ചിത്രമായ ചായില്യത്തിന് മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോൾ രണ്ടാം ചിത്രമായ അമീബയും മുന്നാം ചിത്രമായ കെഞ്ചിരയും മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 2019 ലെ ഐ എഫ് എഫ് ഐ ഇന്ത്യൻ പനോരമ വിഭാഗത്തിലും ചിത്രം പ്രദർശിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button