സർക്കാർ നീക്കത്തിന് തിരിച്ചടി; കേരളാ ബാങ്കിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കേരളാ ബാങ്കിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥി സമർപ്പിച്ച ഹർജിയിലാണ് നടപടി. 1850 ദിവസവേതന-കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ബാങ്ക് ബോർഡ് യോഗം ചൊവ്വാഴ്ച സ്ഥിരപ്പെടുത്തൽ ചർച്ചചെയ്യാൻ ഇരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ഹൈക്കോടതി ഹർജി പരിഗണിക്കവെ ദിവസവേതന-കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കമില്ലെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. എന്നാൽ, സ്ഥിരപ്പെടുത്തൽ നടക്കുന്നതിൻറെ കത്തിടപാടുകൾ ഉദ്യോഗാർഥി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ഭരിക്കുന്ന പാർട്ടിയോട് കൂറുള്ളവരെയാണ് താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നത്. ഇവരെ ക്രമപ്പെടുത്തുന്നത് കേരള സഹകരണ സൊസൈറ്റി നിയമത്തിന്റെ ലംഘനമാണ്. പതിമൂന്ന് ജില്ലാ ബാങ്കുകളിലെയും ഒഴിവുകൾ നേരത്തെ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തിരുന്നെന്നും ലയനത്തിനുശേഷം ഇതുണ്ടായിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെയും ബാങ്കിന്റെയും വിശദീകരണം തേടിയിരുന്നു. കേരള ബാങ്കിൽ ചീഫ് എക്സിക്യൂട്ടീവ് മുതൽ പ്യൂൺവരെയുള്ള നിയമനത്തിന് പിഎസ്സിക്കാണ് അധികാരമെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി.
പിഎസ്സി വഴിയാണ് അപേക്ഷ ക്ഷണിച്ചിരുന്നതെങ്കിൽ വിവിധ തസ്തികകളിൽ അപേക്ഷ നൽകാൻ തനിക്കു യോഗ്യതയുണ്ടെന്നു കണ്ണൂർ സ്വദേശിയും എംകോം ബിരുദധാരിയുമായ എ. ലിജിത്ത് ഹർജിയിൽ പറയുന്നു.