രാജ്യത്തിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം; “തട്ടിപ്പെന്ന്” ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

രാജ്യത്തിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ സർക്കാർ പ്രഖ്യാപിച്ചു. നിയമസഭയിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ പ്രഖ്യാപനം നടത്തിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. “കേരളം പുതുയുഗത്തിന്റെ പിറവിയിലാണ്.”
അതേസമയം, അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം “തട്ടിപ്പെന്ന്” ആരോപിച്ച് പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്‌കരിച്ചു. “കേരളം അതീവദാരിദ്ര്യമുക്തമാണെന്നത് പൂർണ്ണമായും കള്ളപ്രഖ്യാപനമാണ്. ചട്ടങ്ങൾ ലംഘിച്ചാണ് സഭ വിളിച്ചുചേർത്തത്, ഇത് സഭയെ അവഹേളിക്കുന്ന പ്രവൃത്തിയാണെന്നും” പ്രതിപക്ഷനേതാവ് ആരോപിച്ചു. മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിപക്ഷാംഗങ്ങൾ സഭ വിട്ടു.
ഇതിന് മറുപടിയായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു: “കേരളം കൈവരിച്ച ചരിത്രനേട്ടം സഹിക്കാനാവാതെ പ്രതിപക്ഷം പുറത്തുപോയി. അതിനെ കാലം തന്നെ വിലയിരുത്തും.”മുഖ്യമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി: “ചരിത്രപരമായ നേട്ടമായതുകൊണ്ടാണ് നിയമസഭ വിളിച്ചു ചേർത്തത്. ‘തട്ടിപ്പ്’ എന്ന ആരോപണം പ്രതിപക്ഷത്തിന്റെ സ്വഭാവത്തിൽ നിന്നുള്ളതാണ്. സർക്കാർ പറയുന്നത് ചെയ്യാവുന്ന കാര്യങ്ങളാണ് അതെല്ലാം നടപ്പാക്കുകയും ചെയ്യുന്നു.”
“അതിദാരിദ്ര്യ നിർമാർജന പദ്ധതി രഹസ്യമൊന്നുമല്ല; 2021-ൽ തന്നെ മന്ത്രിസഭ എടുത്ത ആദ്യത്തെ പ്രധാന തീരുമാനമായിരുന്നു ഇത്. രണ്ടു മാസത്തിനുള്ളിൽ അതിദാരിദ്ര്യത്തിൽപ്പെട്ട കുടുംബങ്ങളെ തിരിച്ചറിയാനുള്ള പ്രക്രിയ ആരംഭിച്ചു. ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ് ഈ ദൗത്യം മുന്നോട്ട് പോയത്.”
“ഇന്ന് കേരളം അതിദാരിദ്ര്യമില്ലാത്ത രാജ്യത്തിലെ ആദ്യ സംസ്ഥാനമായി മാറിയിരിക്കുന്നു. നവകേരള സൃഷ്ടിയിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണ് ഈ നേട്ടം,” എന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
Tag: Kerala becomes the first state in the country to be free from extreme poverty; Opposition boycotts the assembly, alleging “cheating”



