കേരള കോണ്‍ഗ്രസ് ഇല്ലെങ്കിൽ യുഡിഎഫ് ദുര്‍ബലമാകും, കോടിയേരി.

കേരള കോണ്‍ഗ്രസ് ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്നും കേരള കോണ്‍ഗ്രസ് ഇല്ലാതെ യുഡിഎഫ് ദുര്‍ബലമാകുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള കോണ്‍ഗ്രസ് ജോസ് മാണി വിഭാഗത്തിനെ യുഡിഎഫ് പുറത്താക്കിയ സംഭവത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണമാണിത്. പുന്നപ്ര – വയലാര്‍ സമര നേതാവായ പി കെ ചന്ദ്രാനന്ദനെ അനുസ്മരിച്ച് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ ഏറ്റവും ഒടുവിലാണ് കോടിയേരിയുടെ ഈ പ്രതികരണം ഉണ്ടായത്.
പി.കെ.സിയുടെ സ്മരണ പുതുക്കുന്ന ഈ സന്ദര്‍ഭത്തില്‍ കേരള രാഷ്ട്രീയത്തില്‍ പലതരത്തിലുള്ള സംഭവ വികാസങ്ങളും ഉരുത്തിരിഞ്ഞുവരികയാണെന്ന് പറഞ്ഞുകൊണ്ടാണ് കേരള കോൺഗ്രസിന്റെ വിഷയത്തിലേക്ക് കോടിയേരി കടക്കുന്നത്.
കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു. സംഘടനാപരമായും രാഷ്ട്രീയപരമായും യു.ഡി.എഫിന്റെ കെട്ടുറപ്പ് തകര്‍ന്നു. ലേഖനത്തില്‍ കോടിയേരി പറഞ്ഞു. കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി പക്ഷം ഇനി ഏത് പക്ഷത്തിനൊപ്പം നില്‍ക്കുമെന്ന ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെയാണ് കോടിയേരിയുടെ ലേഖനം എന്നത് ആണ് ഏറെ ശ്രദ്ധേയമാകുന്നത്.