നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റുകൾ വേണമെന്ന് കേരള കോൺഗ്രസ് (എം).

കോട്ടയം /നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റുകൾ വേണമെന്ന് കേരള കോൺഗ്രസ് (എം). എൽഡിഎഫിലേക്ക് വാതിൽ തുറന്നു കടന്നു വരുമ്പോൾ13 നിയമസഭാ സീറ്റുകളും ജോസ് കെ. മാണി രാജിവയ്ക്കുന്ന രാജ്യസഭാ സീറ്റും ആയിരുന്നു മുന്നണിയുമായി ഉണ്ടാക്കിയിരുന്ന ധാരണ. കോട്ടയം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ തിളക്കമാർന്ന വിജയത്തിന്റെ പിൻബലത്തിലാണ് കേരള കോൺഗ്രസ് (എം) 2 സീറ്റുകൾ കൂടി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, 10 സീറ്റുകൾ സിപിഎം, കേരള കോൺഗ്രസിന് നൽകാനിരിക്കെയാണ് ഈ ആവശ്യം.
പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി,ചങ്ങനാശേരി, ഇടുക്കി, തൊടുപുഴ, റാന്നി, പൂഞ്ഞാർ, ഇരിക്കൂർ അല്ലെങ്കിൽ പേരാവൂർ, പിറവം അല്ലെങ്കിൽ പെരുമ്പാവൂർ, ചാലക്കുടി അല്ലെങ്കിൽ ഇരിങ്ങാലക്കുട, തിരുവമ്പാടി അല്ലെങ്കിൽ കുറ്റ്യാടി എന്നിവയെ കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ സീറ്റ് വീതം നൽകണമെന്നാണ് കോൺഗ്രസ് (എം) ആവശ്യം ഉന്നയിക്കുന്നത്. 13 കിട്ടുമെന്ന പ്രതീക്ഷയിലാണു പാർട്ടിയിലെ സീറ്റ് ചർച്ചകൾ.
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പാലായിലോ, കടുത്തുരുത്തിയിലോ ആവും മത്സരിക്കുക. ജോസ് കടുത്തിരിയിലേക്ക് മാറുന്ന പക്ഷം റോഷി അഗസ്റ്റിനെ പാലായിൽ കളത്തിലിറക്കും. ജോസ് കെ. മാണി പാലായിലാണ് മത്സരിക്കുന്നതെങ്കിൽ കടുത്തുരുത്തിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സഖറിയാസ് കുതിരവേലിൽ, സിറിയക് ചാഴികാടൻ ഇവരിൽ ആരെങ്കിലും ഒരാളെ രംഗത്തിറക്കും.
മറ്റിടങ്ങളിൽ സാധ്യത പട്ടികയിൽ ഇപ്പോൾ വന്നിട്ടുള്ളവർ ഇവരാണ് / പൂഞ്ഞാർ – മുൻ പിഎസ്‌സി അംഗം പ്രഫ. ലോപ്പസ് മാത്യു, കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസ് കുട്ടി. കാഞ്ഞിരപ്പള്ളി – ഡോ. എൻ. ജയരാജ്. ചങ്ങനാശേരി – ഉന്നതാധികാര സമിതി അംഗം ജോബ് മൈക്കിൾ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ. റാന്നി – പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻ.എം. രാജു, സ്റ്റീഫൻ ജോർജ്. രാജുവിന് രാജ്യസഭാ സീറ്റ് നൽകാൻ ആലോചിച്ചിരുന്നെങ്കിലും പാർട്ടിയിൽ എതിർപ്പുയർന്നതോടെ ആ നീക്കം മന്ദഗതിയിലായി. കുറ്റ്യാടി – സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ. തിരുവമ്പാടി – കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.എം. ജോസഫ്, ഉന്നതാധികാര സമിതി അംഗം പി. ടി. ജോസ്. ഇരിക്കൂർ– കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയ് കൊന്നയ്ക്കൻ, സജി കുറ്റ്യാനിമറ്റം. ഇടുക്കി – റോഷി അഗസ്റ്റിൻ പാലായിലേക്കു മാറിയാൽ സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല. പിറവം – നഗരസഭാ കൗൺസിലർ ജിൽസ് പെരിയപ്പുറം, സ്റ്റീഫൻ ജോർജ്.