കേരള കോണ്‍ഗ്രസ് പിന്മാറി: കുറ്റ്യാടി സിപിഎമ്മിന്

കുറ്റ്യാടി സീറ്റ് ജോസ് വിഭാഗം സിപിഎമ്മിന് കൈമാറി. പ്രാദേശികമായ പ്രതിഷേധം കണക്കിലെടുത്താണ് കേരളകോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സീറ്റ് സിപിഎമ്മിന് നല്‍കുന്നത്. കുറ്റ്യാടിയിലെ സാഹചര്യം മനസ്സിലാക്കുന്നുവെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം, ടി പി ബിനീഷ് എന്നിവരെയാണ് കുറ്റ്യാടി സീറ്റിലേക്ക് സിപിഎം പരിഗണിക്കുന്നത്. ഇവരില്‍ ആര് വരും എന്നത് ഇന്നു വൈകുന്നേരത്തോടെ തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുറ്റ്യാടി ഒഴിവാക്കിയായിരുന്നു നേരത്തെ കേരളകോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നത്. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കിയതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ട എന്നാണ് സിപിഎം നേതൃത്വം ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കുറ്റ്യാടിയിലെ പ്രതിഷേധം സമീപ മണ്ഡലങ്ങളിലെ വിജയ സാധ്യതയെ കൂടി ബാധിക്കാനിടയുണ്ട് എന്നതിനാല്‍ സിപിഎം പുനരാലോചനക്ക് തയ്യാറാവുകയായിരുന്നു.
കുറ്റ്യടി സീറ്റിന്‍റെ കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് ജോസ് കെ മാണി പ്രതികരിച്ചിരുന്നു. സീറ്റ് സിപിഎം നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രാദേശിക തലത്തില്‍ ചര്‍ച്ച തുടരുകയാണെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. അതേസമയം സിപിഎം ഇപ്പോള്‍ കുറ്റ്യാടിയില്‍ പരിഗണിക്കുന്നത് രണ്ട് യുവ നേതാക്കളെയാണ്. ടി പി ബിനീഷ് നിലവില്‍ സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയാണ്. എ എ റഹീം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും.