Latest NewsNewsSports

28 വര്‍ഷത്തിന് ശേഷം കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി മെസിയും സംഘവും;വിജയ ശില്‍പ്പിയായി എമിലിയാനോ മാര്‍ട്ടിനെസ്

മാരക്കാന: അങ്ങനെ ആവേശം നിറഞ്ഞു പൊന്തിയ കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന് കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടു. മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ടാണ് അര്‍ജന്റീനയുടെ കിരീടധാരണം. അത് ബദ്ധവൈരികളായ ബ്രസീലിന്റെ മണ്ണില്‍, അതും മാറക്കാനയില്‍. ബ്രസീല്‍ ഫുട്ബോള്‍ അഭിമാന വേദിയായി കാണുന്ന ഇടം. മാറക്കാനയില്‍ വച്ച് അവരെത്തന്നെ തോല്‍പ്പിച്ച് ഈ കിരീടംനേുമ്പോള്‍ അതിന് ഇരട്ടിമധുരം ആണ്.. ആദ്യ പകുതിയില്‍ ബ്രസീല്‍ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത എയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് വിജയവും കിരീടവും സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ അലകടലായെത്തിയ ബ്രസീല്‍ ആക്രമണങ്ങളെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ നേതൃത്വത്തില്‍ വിജയകരമായി പ്രതിരോധിച്ചാണ് അര്‍ജന്റീന കിരീടം തൊട്ടത്. അവസാന നിമിഷം മെസിക്ക് ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും കാല് വഴുതി അത് നഷ്ടമാകുകയായിരുന്നു. അവസാന വിസിലിന് സമയം അടുക്കുന്തോറും മത്സരത്തിന്റെ അവേശം ചെറിയ തോതില്‍ ഉന്തിലും തള്ളിലുമെത്തി. മത്സരം നിശ്ചിത സമയം പിന്നിട്ട് അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം റഫറി വിസ്സില്‍ ഊതിയതിന് ശേഷം കാനറികളുടെ നാട്ടില്‍ വെച്ച് അര്‍ജന്റീന തങ്ങളുടെ 15-ാം കോപ്പ കിരീടം ഉയര്‍ത്തി.

അതും 1993നുശേഷം അര്‍ജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടം എന്ന ഏററവും വലിയ സവിശേഷതയും. ലോക ഫുട്ബോളിലെ ഇതിഹാസമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി വളര്‍ന്നപോഴും മെസ്സിയുടെ പേരില്‍ അര്‍ജന്റീന കിരീടം പോലും നേടിയിട്ടില്ല എന്ന പരിഹാസത്തിനും ഇതോടെ മുനയൊടിഞ്ഞു. 1916ല്‍ തുടക്കമായ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ 15-ാം കിരീടവുമായി യുറഗ്വായുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ബ്രസീല്‍ ബോക്സിനു സമീപം ലഭിച്ച സുവര്‍ണാവസരം മെസ്സി പ്രയോഗിച്ചിരുന്നു എങ്കില്‍ ഈ കിരീടനേട്ടത്തില്‍ ‘ഗോളൊപ്പ്’ ചാര്‍ത്താനും സൂപ്പര്‍ താരത്തിന് കഴിയുമായിരുന്നു. ഈ കോപ്പ അമേരിക്ക കിരീടധാരണത്തിന് അര്‍ജന്റീന നന്ദി പറയേണ്ടത് അവരുടെ ഗോളി എമിലിയാനോ മാര്‍ട്ടിനസിനോടാണ്. കൊളംബിയയ്ക്കെതിരായ സെമിഫൈനലില്‍ ഷൂട്ടൌട്ടില്‍ അര്‍ജന്റീനയെ കാത്ത എമിലിയാനോയുടെ കരങ്ങള്‍ ഫൈനലില്‍ ബ്രസീലിനെയും ഒറ്റയ്ക്കു തടുത്തുനിര്‍ത്തി. ബ്രസീലിയന്‍ താരങ്ങളുടെ എണ്ണം പറഞ്ഞ വെടിയുണ്ടകണക്കെയുള്ള ഷോട്ടുകള്‍ എമിലിയാനോ തട്ടിയകറ്റിയത് മത്സരത്തില്‍ ഏറെ നിര്‍ണായകമായി.

കലാശപ്പോരാട്ടത്തില്‍ ബ്രസീലിന്റെ റിച്ചാര്‍ഡ് നിക്സണ്‍ പായിച്ച ബുള്ളറ്റ് ഷോട്ട് എമിലിയാനോ തട്ടിയകറ്റിയത് ബ്രസീലിയന്‍ ആരാധകരെ ശരിക്കും സ്തംബ്ധരാക്കിക്കളഞ്ഞു. 54-ാം മിനിട്ടിലായിരുന്നു എമിലിയാനോയുടെ ഈ അത്ഭുത സേവിങ്. കൂടാതെ മത്സരം അവസാനിക്കാന്‍ മൂന്ന് മിനിട്ട് ബാക്കിനില്‍ക്കുമ്പോഴും എമിലിയാനോയുടെ അത്ഭുത കരങ്ങള്‍ ബ്രസീലിന് മുന്നില്‍ വിലങ്ങുതടിയായി. ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ബാര്‍ബോസയുടെ തകര്‍പ്പനൊരു വോളി അത്ഭുതകരമായി എമിലിയാനോ മാര്‍ട്ടിനസ് തട്ടികയറ്റി. ഗോളെന്നുറച്ച ഷോട്ടായിരുന്നു ഇത്. ഈ രണ്ടു രക്ഷപെടുത്തലുകളാണ് ഇന്നത്തെ മത്സരത്തില്‍ നിര്‍ണായകമായതെന്ന് പറയാം.

2011 മുതല്‍ അര്‍ജന്റീന ദേശീയ ടീമില്‍ അംഗമാണെങ്കിലും പത്തു വര്‍ഷത്തിനു ശേഷമാണ് എമിലിയാനോ മാര്‍ട്ടിനെസിന് അരങ്ങേറ്റ മത്സരം കളിക്കാനായത്. ഇത്തവണ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പിലും ചിലിയ്ക്കെതിരായ ലോകകപ്പ് ടീമിലും എമിലിയാനോ ഇടംനേടിയെങ്കിലും കളിക്കാന്‍ അവസരം ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നു. ചിലിയ്ക്കെതിരെ അര്‍തുറോ വിദാലിന്റെ തകര്‍പ്പന്‍ പെനാല്‍റ്റി സേവ് ചെയ്തതോടെയാണ് എമിലിയാനോ മാര്‍ട്ടിനെസ് എന്ന ഇരുപത്തിയെട്ടുകാരന്‍ ശ്രദ്ധേയനാകുന്നത്. ഇപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റന്‍വില്ലയ്ക്കുവേണ്ടിയാണ് എമിലിയാനോ മാര്‍ട്ടിനസ് ക്ലബ് ഫുട്ബോള്‍ കളിക്കുന്നത്. ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗിലെ മുന്‍നിരക്കാരായ ആഴ്സണലിനുവേണ്ടി 11 വര്‍ഷത്തോളം വലകാത്ത താരമാണ് എമിലിയാനോ മാര്‍ട്ടിനസ്.

1993 ല്‍ കോപ അമേരിക്ക വിജയിച്ചതിനുശേഷം ഒരു രാജ്യാന്തര ചാംപ്യന്‍ഷിപ്പ് ജയിക്കാനായില്ല എന്ന പോരായ്മ അര്‍ജന്റീന നികത്തിയതിന് നന്ദി പറയേണ്ടത് കോപ്പ അമേരിക്കയില്‍ ഉടനീളം മിന്നുന്ന പ്രകടനം കാഴ്ചവെച്ച എമിലിയാനോ മാര്‍ട്ടിനസിനോടാണ്.
1986ല്‍ മറഡോണ യുഗത്തില്‍ നേടിയ ലോകകപ്പും 1993ല്‍ ബറ്റിയുസ്റ്റ യുഗത്തില്‍ നേടിയ കോപ്പ അമേരിക്കയുമല്ലാതെ മറ്റൊരു മേജര്‍ ടൂര്‍ണമെന്റ് ട്രോഫി അര്‍ജന്റീനയിലേക്ക് എത്തിട്ടില്ല. അതാണ് ഇന്ന് മെസിയും സംഘവും മാറ്റിക്കുറിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button