Kerala News

കരിമ്പട്ടികയിൽ പേര് പേരിന് !പി.ഡബ്ലു.സി കമ്പനി കെ ഫോണിൽ തുടരും

സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ പി.ഡബ്ലു.സി കമ്പനിയെ തന്നെ കൺസൾട്ടൻ്റായി വച്ച് സംസ്ഥാന സർക്കാർ. കെ ഫോണ്‍ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍റായി പി.ഡബ്ലു.സി തുടരുന്നു. പി.ഡബ്ലു.സിയെ ഒഴിവാക്കണമെന്ന് ഐ ടി സെക്രട്ടറിയായിരുന്ന സഞ്ജയ് കൗൾ ഫയലിൽ കുറിച്ചതിന്‍റെ പകർപ്പ് ഒരു മാധ്യമത്തിന് ലഭിച്ചു. സഞ്ജയ് കൗളിൻ്റെ നിർദ്ദേശത്തെ ധനവകുപ്പ് പിന്തുണച്ചിരുന്നു.സ്വപ്ന സുരേഷ് അറസ്റ്റിലായ സാഹചര്യത്തിലാണ് ജൂലൈ 23 ന് പി.ഡബ്ലു.സിയെ കെ ഫോൺ പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ അന്നത്തെ ഐടി സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന സഞ്ജയ് കൗൾ ഫയൽ വഴി സർക്കാരിനോട് ശുപാർശ ചെയ്തത്.

ഇക്കാര്യത്തെ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്ങും അനുകൂലിച്ചു. സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട് ഐ ടി വകുപ്പിന്‍റെ എല്ലാ പദ്ധതികളിൽ നിന്നും പി.ഡബ്ലു.സിയെ വിലക്കണമെന്ന് കഴിഞ്ഞ ജൂലൈ 17 ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും ഐ ടി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കമ്പനിയെ കരിമ്പട്ടികയിലും പെടുത്തിയത്. നടപടിയുടെ അടിസ്ഥാനത്തിൽ ഇ മൊബിലിറ്റി, സ്പെസ് പാർക്ക് പദ്ധതികളിൽ നിന്ന് സർക്കാർ കമ്പനിയെ പുറത്താക്കി.

പക്ഷെ സർക്കാർ ഇതുവരെ കെ ഫോണിൽ പി.ഡബ്ലു.സിയെ നീക്കാൻ തയ്യാറായിട്ടില്ല. പി.ഡബ്ലു.സിയെ കെ ഫോണിൽ നിന്ന് ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറിയും രണ്ട് വകുപ്പ് സെക്രട്ടറിമാരും ആവശ്യപ്പെട്ട് 2 മാസം കഴിഞ്ഞിട്ടും സർക്കാരിന് കണ്ട മട്ടില്ല. മറ്റു വകുപ്പുകളിൽ പി.ഡബ്ലു.സിയെ സർക്കാർ പുറത്താക്കിയിട്ടും കെ ഫോണിൽ നിന്ന് മാറ്റാത്തത് ദുരൂഹത വർദ്ധിപ്പിക്കുകയാണ്.ഇതിനോടകം മൂന്നര കോടി രൂപ കൺസൾട്ടൻസി ഫീസായി നൽകി. ഡിസംബർ വരെയാണ് കെ ഫോൺ പദ്ധതിയിൽ പി.ഡബ്ലു.സിയുടെ കരാർ.ഡിസംബറിന് മുൻപെ പി.ഡബ്ലു.സിയെ ഒഴിവാക്കുന്നത് പരിശോധിയ്ക്കാൻ നിയമ വകുപ്പിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. അതേസമയം കെ ഫോൺ പദ്ധതിയിൽ നിന്ന് പി.ഡബ്ലു.സിയെ മാറ്റുന്ന കാര്യം നിയമവകുപ്പിന്‍റെ പരിഗണനയിലാണെന്നാണ് ഐ ടി വകുപ്പിന്‍റെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button