കേരളം ജാഗ്രതെ..! പ്രളയം ആവര്‍ത്തിക്കപ്പെടാമെന്ന് പഠനം
കോഴിക്കോട്: കേരളത്തില്‍ പ്രളയം ആവര്‍ത്തിക്കപ്പെടാമെന്ന് കാലാവസ്ഥാ പഠനം. കേരളം പ്രളയത്തിന്റെ കാര്യത്തില്‍ സുരക്ഷിതമല്ലെന്നാണ്് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയത്തിനു പിന്നില്‍ ലഘുമേഘ വിസ്ഫോടനവും കാലവര്‍ഷ ഘടനയിലെ മാറ്റവുമാണ്. പ്രളയം ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത വര്‍ധിക്കുന്നതായും കാലാവസ്ഥാ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പഠന റിപ്പോര്‍ട്ട് പ്രമുഖ ശാസ്ത്ര ജേണലായ വെതര്‍ ആന്റ് ക്ലൈമറ്റ് എക്സ്ട്രീംസില്‍ പ്രസിദ്ധീകരിച്ചു. വിവിധ സ്രോതസുകളില്‍ നിന്ന് ശേഖരിച്ച ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു പ്രളയങ്ങളെയും താരതമ്യം ചെയ്താണ് പഠനം നടന്നത്.
കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫിയറിക് റഡാര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എസ്. അഭിലാഷിന്റെ നേതൃത്വത്തില്‍ റഡാര്‍ കേന്ദ്രം ശാസ്ത്രജ്ഞരായ ഡോ.പി വിജയകുമാര്‍, കെ. മോഹന്‍കുമാര്‍, കുസാറ്റിലെ എ. വി ശ്രീനാഥ്, യു. എന്‍ ആതിര, ബി. ചക്രപാണി, യു.എസിലെ മിയാമി സര്‍വകലാശാലയിലെ ബ്രയാന്‍. ഇ മേപ്സ്, പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കല്‍ മീറ്റിയറോളജിയിലെ എ.കെ ഷായ്്, കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ടി.എന്‍ നിയാസ്, ഒ. പി ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്.
പ്രളയമുണ്ടായ 2018 ലും 2019 ലുമുണ്ടായ മഴ ഏറെക്കുറെ സമാനമായിരുന്നു എന്ന് പഠനത്തില്‍ കണ്ടെത്തി. പക്ഷേ മഴയുടെ വിതാനം മൊത്തത്തില്‍ വ്യത്യാസപ്പെട്ടതാണ് പ്രളയത്തിന് കാരണം. 2018 ല്‍ താരതമ്യേന അധികം വേനല്‍ മഴ ലഭിച്ചു. മെയ് 28 മുതല്‍ ശക്തമായ കാലവര്‍ഷവും ആരംഭിച്ചു. ജൂലൈയില്‍ തന്നെ കേരളത്തില്‍ പ്രളയസമാന സാഹചര്യം ഉടലെടുക്കാന്‍ ഇത് കാരണമായി. എന്നാല്‍ 2019 ല്‍ കാലവര്‍ഷം ഒരാഴ്ച വൈകി ജൂണ്‍ 8 നാണ് കേരളത്തിലെത്തിയത്. ജൂണിലും ജൂലൈയിലും പൊതുവെ ദുര്‍ബലമായി മണ്‍സൂണ്‍ തുടര്‍ന്നു. ജൂലൈ അവസാനിക്കുമ്പോള്‍ സീസണിലെ ശരാശരിയില്‍ താഴെ മഴയായിരുന്നു 2019 ല്‍ രേഖപ്പെടുത്തിയത്. എന്നിട്ടും ഓഗസ്റ്റില്‍ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ 2019 ല്‍ പ്രളയമുണ്ടായി.
ഓഗസ്റ്റില്‍ മഴ നിയന്ത്രണമില്ലാതെ പെയ്തു. രണ്ട് വര്‍ഷങ്ങളിലും ഓഗസ്റ്റിലാണ് പ്രളയം സംഭവിച്ചത്. 2018 ല്‍ ഓഗസ്റ്റ് 15 മുതല്‍ 18 വരെ തോരാതെ പെയ്ത മഴയും 2019 ല്‍ ഓഗസ്റ്റ് 7 മുതല്‍ 10 വരെ പെട്ടെന്നുണ്ടായ പേമാരിയും പ്രളയത്തിന് കാരണമായി. ഇതില്‍ 2019 ഓഗസ്റ്റ് എട്ടിലെ മഴ ഗവേഷകര്‍ പ്രത്യേകം നിരീക്ഷിച്ചു.
2019 ഓഗസ്റ്റ് എട്ടിന് കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഉത്തരേന്ത്യയിലെന്ന പോലെ മേഘവിസ്ഫോടനത്തിന് സമാനമായ മഴയുണ്ടായി. ഇനിയും പ്രളയം ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത വര്‍ധിക്കുന്നതായും കാലാവസ്ഥാ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.