മുഖ്യമന്ത്രിയുടെ വിവാദ ഫ്ളക്സ് ബോര്‍ഡ് ക്ഷേത്ര പരിസരത്തു നിന്ന് മാറ്റി.
വളാഞ്ചേരി: മുഖ്യമന്ത്രി വിജയനെതിരെ ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങള്‍ക്കിടയാക്കിയ ഫ്ളക്സ് ബോര്‍ഡ് സ്ഥലത്ത് നിന്നും മാറ്റി. ‘ആരാണ് ദൈവം എന്ന് നിങ്ങള്‍ ചോദിച്ചു അന്നം തരുന്നവന് എന്ന് ജനം പറഞ്ഞു കേരളത്തിലെ ദൈവം’ എന്നെഴുതി വളാഞ്ചേരി വൈകത്തൂര്‍ പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുന്പില് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡാണ് മാറ്റിയിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച ഈ ഫ്ളക്സിനെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നത്. ശ്രീപത്മനാഭന്റെ മണ്ണും സ്വാമി അയ്യപ്പന്റെ മണ്ണും ഗുരുവായൂരപ്പന്റെയും കൊടുങ്ങല്ലൂരമ്മയുടെയും തട്ടകവും ചുവന്നു കിടക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ ദൈവങ്ങളെല്ലാം കമ്മ്യൂണിസ്റ്റാണെന്നതിന് ഇതില്‍പ്പരം തെളിവു വേണോ എന്നെഴുതിയ ഫ്ളക്സുകളും അമ്പല പരിസരത്ത് തന്നെ ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടു പിന്നാലെയാണ് ഈ ഫ്ളക്സുകളെല്ലാം സ്ഥാപിക്കപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് ഫ്ളക്സ് അവിടെ നിന്നും നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഫ്ളക്സ് സ്ഥാപിക്കുകയായിരുന്നു. നിരവധി വിമര്‍ശന പരാമര്‍ശം ഫ്ളക്സിനെ ചൊല്ലി ഉയര്‍ന്നിരുന്നു.
അത്തരത്തില്‍ ക്ഷേത്രത്തില്‍ ‘രണ്ട് പ്രതിഷ്ഠയാണവിടെ ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന് എന്ന മുന്‍ എം എല്‍ എ വി ടി ബലറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമയാതോടെ ഭരണ പ്രതിപക്ഷക്കാരും അതിനെ അനുകൂലിച്ചും എതിര്‍ത്തും രംഗത്ത് വന്നിരുന്നു.
ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും ഫ്ളക്സ് നീക്കം ചെയ്തിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ അറിവോടെയല്ല ഇവിടെ ഫ്ളക്സ് സ്ഥാപിച്ചതെന്ന വിശദീകരണവുമായി സി.പി.എം വളാഞ്ചേരി ലോക്കല്‍ കമ്മിറ്റി പ്രതികരിച്ചിരുന്നു.