”കരാർ ലംഘിച്ചത് കേരള സർക്കാർ” ; സംസ്ഥാന കായിക മന്ത്രിക്കെതിരെ അർജന്റീന ഫുട്ബോൾ ടീം
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന കായിക മന്ത്രിക്കെതിരെ അർജന്റീന ഫുഡ്ബോൾ ടീം. കരാർ ലംഘിച്ചത് കേരള സർക്കാരാണെന്നാരോപിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ രംഗത്തെത്തി. സർക്കാർ കരാർ വ്യവസ്ഥകൾ പാലിച്ചില്ലെന്നും അതിനാൽ കരാർ ലംഘനം സംഭവിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻപ്, കരാർ ലംഘിച്ചത് അർജന്റീനയാണെന്നാരോപിച്ച് സ്‌പോൺസർമാർ സർക്കാരിനെ പിന്തുണച്ചിരുന്നു. കേരളത്തിൽ കളിക്കാൻ വരാത്ത പക്ഷം ഇന്ത്യയിലെ മറ്റൊരിടത്തും ടീമിനെ എത്തിക്കില്ലെന്ന വെല്ലുവിളിയും സ്‌പോൺസർ ഉയർത്തിയിരുന്നു. എന്നാൽ കായിക മന്ത്രി ഇതുവരെ പ്രതികരിച്ചിരുന്നില്ല. 2024 സെപ്റ്റംബറിൽ മാഡ്രിഡിൽ ലിയാൻഡ്രോ പീറ്റേഴ്സണുമായി കായിക മന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇപ്പോഴത്തെ ആരോപണം ശക്തമായിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നാണ് കരാർ ലംഘനം നടന്നതെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിനിടെ, ഒക്ടോബറിൽ അർജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി. അബ്ദു റഹിമാനും സ്‌പോൺസർമാരും ആവർത്തിച്ചുപറഞ്ഞിരുന്നു. പക്ഷേ, അതേ സമയം മെസ്സിപ്പട അമേരിക്കയിലേക്കാണ് പോകുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഒക്ടോബറിൽ കേരളത്തിലെത്താൻ സാധ്യമല്ലെന്ന് അർജന്റീന അറിയിച്ചതായി മന്ത്രി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
Tag; ”Kerala government violated the agreement”; Argentine football team against state sports minister