മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് കേരളം നടപടികൾ തുടങ്ങി.

തിരുവനന്തപുരം / മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന്റെ നിർമിക്കുന്നതിന് കേരളം നടപടിക്രമങ്ങളുമായി മുന്നോട്ട്. പദ്ധതിക്ക് വേണ്ടി വിശദ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാനുള്ള നടപടികളാണ് കേരളം ആരംഭിച്ചിട്ടുള്ളത്. പുതിയ അണക്കെട്ടിനായി 10 വർഷം മുൻപു തയാറാക്കിയ ഡിപിആർ സർക്കാർ പുതുക്കു കയാണ്. പുതിയ അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജലവിഭവ വകുപ്പിനു കീഴിലെ ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച് ബോർഡ് (ഐഡിആർബി) ഇതു സംബന്ധിച്ച് ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിന് ശുപാർശ നൽകി എന്നാണ് പുറത്ത് വരുന്ന വിവരം.
അതേസമയം, സ്പ്രിക്ലെർ, സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, ഏറ്റവും ഒടുവിൽ കിഫ്ബി വരെയുള്ള വിവിവാദങ്ങളിൽ പെട്ട് സർക്കാർ നട്ടം തിരിയുന്ന അവസ്ഥയിൽ ജനശ്രദ്ധ തിരിക്കാനുള്ള നൂതന തന്ത്രമാണ് കോടതിയുടെ പരിഗണക്കിരുന്ന മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിലവിൽ സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നു 366 മീറ്റർ താഴെയാണ് പുതിയ അണക്കെട്ടിനു കേരളം സ്ഥലം കണ്ടെത്തിയിട്ടുള്ളത്. പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്ന ഈ പ്രദേശത്ത് അണക്കെട്ടു നിർമ്മിക്കുന്നത് സംബന്ധിച്ചു പരിസ്ഥിതി ആഘാത പഠനത്തിന് 2014ൽ കേരളം അപേക്ഷ നൽകിയിരുന്നതാണ്. 4 വർഷത്തിനു ശേഷമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇതിനു ലഭിക്കുന്നത്. കരാർ ഏജൻസിയായ ഹൈദരാബാദിലെ പ്രഗതി ലാബ്സ് ആൻഡ് കൺസൽറ്റന്റ്സ് പ്രൈവറ്റ് ലിമിറ്റഡിനെയാണു പഠനത്തിനു സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. നവംബർ മാസം റിപ്പോർട്ട് നൽകണമെന്നായിരുന്നു പ്രഗതി ലാബിനോട് നിർദേശിച്ചിരുന്നതെങ്കിലും, കോവിഡ് പശ്ചാത്തലത്തിൽ വിവരങ്ങൾ ശേഖരിക്കാനും മറ്റും കഴിയാത്ത സാഹചര്യമാണെന്നു പ്രഗതി ലാബ്സ്, കേരള സർക്കാരിനെ അറിയിക്കുകയായിരുന്നു. റിപ്പോർട്ട് നൽകാൻ അതിനാൽ 6 മാസം കൂടി നീട്ടി നൽകാനാണ് കേരള സർക്കാർ ഉദ്ദേശിക്കുന്നത്.
2011 ലാണ് പുതിയ അണക്കെട്ടിനായി കേരളം ശുപാർശ ചെയ്യുന്നത്. 663 കോടി രൂപയാണ് അന്ന് ചെലവായി കണക്കാക്കിയിരുന്നത്. 4 വർഷത്തിനുള്ളിൽ അണക്കെട്ടു നിർമ്മിക്കാം എന്നായിരുന്നു ശുപാർശയിൽ കേരളം പറഞ്ഞിരുന്നത്. എന്നാൽ ശുപാർശ നിയമക്കു രുക്കിൽപെട്ട തോടെ പദ്ധതിക്കായുള്ള നീക്കങ്ങൾ മുഴുവൻ നില്ക്കുക യായിരുന്നു. പുതിയ ഡാം നിർമിക്കുന്നതിനു മുന്നോടിയായി മണ്ണു പരിശോധനയും മറ്റും കേരളം പൂർത്തിയാക്കിയെങ്കിലും തമിഴ്നാട് എതിർപ്പുമായി സുപ്രീംകോടതിയെ സമീപിച്ചതോടെയായിരുന്നു ഇത്. കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണയിലാണ്. കോടതിയുടെ തീരുമാനം വരുന്നത് വരെ പദ്ധതി നടപ്പിലാക്കാൻ കഴിയുമോ ഇല്ലയോ എന്ന കാര്യത്തിന് തീരുമാനവും എടുക്കാനാവില്ല. ഈ വിഷയത്തിൽ, മണ്ണ് പരിശോധനയുമായി മുന്നോട്ടു പോകാമെന്നു കേരളത്തിനു സുപ്രീംകോടതി പച്ചക്കൊടി കാട്ടിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ അണക്കെട്ടുമായി സർക്കാർ മുന്നോട്ട് പോകുന്നത്. അണക്കെട്ടു നിർമ്മിക്കാൻ കുറഞ്ഞത് 1000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണു ജല വിഭവ വകുപ്പിന്റെ കണക്ക് കൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് പദ്ധതിക്കായി പുതിയ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ സർക്കാർ പ്രത്യേക സമിതി രൂപീകരിക്കുകയാണ്.