കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണത്തിൽ കേരളം മുന്നിൽ.

ന്യൂഡൽഹി/ രാജ്യത്ത് കുടിയേറ്റ തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യവും മികച്ച അന്തരീക്ഷവും ഒരുക്കുന്നതിൽ കേരളം ഒന്നാം സ്ഥാനത്താണെന്നു പഠന റിപ്പോർട്ട്. അന്തർസംസ്ഥാന കുടിയേറ്റ നയ സൂചികയിലാണ് (ഐഎംപിഇഎക്സ്-2019) കേരളത്തിന്റെ മികവ് എടുത്ത് പറയുന്നത്. അന്തർ സംസ്ഥാന കുടിയേറ്റക്കാരുടെ സാഹചര്യങ്ങൾ ആണ് അന്തർസംസ്ഥാന കുടിയേറ്റ നയ സൂചികയിൽ വിശകല നം ചെയ്തിരിക്കുന്നത്. മുംബൈ ആസ്ഥാനമാക്കി രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തെ കുറിച്ചു ഗവേഷണം ചെയ്യുന്ന ഇന്ത്യ ഇമ്മിഗ്രേഷൻ നൗ എന്ന സന്നദ്ധ സംഘടനയാണ് പഠന റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.
കേരളത്തിനു പുറമെ രാജസ്ഥാൻ, ആന്ധ്രപ്രദേശ് എന്നി സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ മുൻ നിരയിൽ നിൽക്കുമ്പോൾ രാജ്യതലസ്ഥാനമായ ഡൽഹി ഏറ്റവും പിന്നിലാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിഥി തൊഴിലാളികളായി എത്തി വിവിധ മേഖലയിൽ തൊഴിൽ ചെയ്തു ജീവിക്കുന്നവരുടെ സാമൂഹികവും സാംസ്കാരികവും സാന്പത്തികവുമായ രംഗങ്ങളിൽ അതാത് സർക്കാരുകൾ എങ്ങനെ സ്വാധീനം ചെയ്യുന്നു എന്നതാണ് സംഘടന പഠന വിധേയമാക്കിയത്. ഇക്കാര്യത്തിൽ ദേശീയ ശരാശരി 100ൽ 37 ആയി നിജപ്പെടുത്തിയപ്പോൾ കേരളത്തിന്റെ സ്കോർ 57 ആണെന്നു പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ കുടിയേറ്റ തൊഴിലാളികൾക്കായി തയാറാക്കിയ വിവിധ പദ്ധതികൾ, നിലവിലുള്ള പദ്ധതികൾ, കുടിയേറ്റ തൊഴിലാളികൾക്കായുള്ള അപകട ഇൻഷ്യുറൻസ് പദ്ധതി, വിവിധ സൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് സ്കോറുകൾ നിർണയിച്ചത്. കേരളം (57), ഗോവ (51), രാജസ്ഥാൻ (51) എന്നീ സംസ്ഥാനങ്ങൾ ആണ് 50ൽ കൂടുതൽ സ്കോർ നേടിയത്. കുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നി എട്ട് സൂചികകളിൽ മൂന്നെണ്ണത്തിലും കേരളം മുന്നിട്ടു നിൽക്കുന്നു. കുടിയേറ്റക്കാർക്കായുള്ള നയരൂപീകരണത്തിൽ ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നി സംസ്ഥാനങ്ങൾ വളരെ പിന്നിലാണ് ഉള്ളത്.