ബിബിസിയുടെ ചര്‍ച്ചയില്‍ വീണ്ടും നിറഞ്ഞ് കേരളം
ലണ്ടന്‍: കേരളം ബിബിസി ചാനലിലെ ചര്‍ച്ചയില്‍ വീണ്ടും നിറയുന്നു. അമ്മയില്‍ നിന്നും പിഞ്ചുകുഞ്ഞിനെ അകറ്റി ദത്ത് നല്‍കിയ ക്രൂരമായ വാര്‍ത്തയാണ് ബിബിസി പ്രൈംടൈമില്‍ ചര്‍ച്ചയായത്. ലോകമാകമാനമുള്ള മലയാളികള്‍ അപമാനഭാരത്താല്‍ തലകുനിച്ച കമ്മ്യൂണിസ്റ്റിന്റെ ക്രൂരത തികച്ചും അവിശ്വസനീയമായ ഒരു കഥ പറയുമ്പോലെയാണ് ബിബിസി അവതാരകന്‍ പ്രേക്ഷകരിലെത്തിച്ചത്.
അസാധാരണ സ്വഭാവമുള്ള വാര്‍ത്തകള്‍ ബിബിസിയുടെ ഓണ്‍ലൈന്‍ പേജിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍ പേരൂര്‍ക്കടയിലെ അനുപമ എന്ന അമ്മയ്ക്ക് സ്വന്തം ചോരക്കുഞ്ഞിനെ നഷ്ടമായ വാര്‍ത്ത ബിബിസി ചാനലിലെ പ്രൈം ടൈമിലാണ് എത്തിയത്. ഇതോടെ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ലോകത്തു കേട്ടുകേള്‍വി ഇല്ലാത്ത വാര്‍ത്തയുടെ ഉറവിടം തിരിച്ചറിഞ്ഞത്. പ്രസവിച്ചു വെറും മൂന്നു ദിവസത്തിനകം ആണ്‍കുഞ്ഞിനെ അമ്മയില്‍ നിന്നും വേര്‍പ്പെടുത്തി അനാഥ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന അമ്മത്തൊട്ടിലില്‍ യുവതിയുടെ പാര്‍ട്ടി സ്വാധീനമുള്ള അച്ഛനമ്മമാര്‍ ഉപേക്ഷിച്ചു എന്നതാണ് ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ച.
അനുപമയും ഭര്‍ത്താവും രണ്ടു സമുദായക്കാര്‍ ആണെന്നതും അനുപമയുടെ സഹോദരിയുടെ വിവാഹത്തിന് തടസം ആകും എന്നൊക്കെയുള്ള ബാലിശമായ വാദങ്ങള്‍ നിരത്തിയാണ് തന്റെ ചോരക്കുഞ്ഞിനെ തന്നില്‍ നിന്നും പറിച്ചെടുത്തത് എന്നും നിറകണ്ണുകളോടെ അനുപമ ലോകത്തോട് വിളിച്ചു പറയുമ്പോള്‍ ആ കണ്ണീര്‍ ലോകം മുഴുവന്‍ ഏറ്റെടുക്കുകയാണ്. തന്റെ കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ അനുപമ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തുന്നതും ബിബിസി റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്.
സിപിഎം പാര്‍ട്ടി കുടുംബത്തില്‍ നിന്നും സജീവ പാര്‍ട്ടി പ്രവര്‍ത്തകരായ കുഞ്ഞിന്റെ അച്ഛനും അമ്മയുമായ അജിത്തും അനുപമയും പാര്‍ട്ടിക്ക് മുന്നില്‍ ആദ്യം എത്തിച്ച പരാതി വേണ്ട ഗൗരവത്തില്‍ എടുക്കാതെ വന്നപ്പോള്‍ പോലീസിലും പരാതി നല്‍കി. എന്നിട്ടും നപടികളൊന്നുമാവാതെ നിരാശരായ ദമ്പതികള്‍ ഒടുവില്‍ മാധ്യമങ്ങളുടെ സഹായത്തോടെ പൊതുജനമധ്യത്തില്‍ എത്തുകയാണുണ്ടായത്. സിപിഎം നേതാക്കള്‍ ഭരണത്തണലില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെല്ലാം ലോകം മുഴുവന്‍ കാണുമ്പോള്‍ എത്തുമ്പോള്‍ ചര്‍ച്ചയാകുന്ന കാര്യങ്ങള്‍ കേരളയീരുടെ അഭിമാനത്തിനേറ്റ ക്ഷതവും കൂടിയാണ്.