രാഷ്ട്രീയ പാർട്ടിയിൽ അംഗമായാൽ വിമർശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും; ആർട്ടിസ്റ്റ് ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങരുത്; മുരളി ഗോപി

ആർട്ടിസ്റ്റ് ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്നും നടൻ മുരളി ഗോപി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗമായാൽ വിമർശന സ്വാതന്ത്ര്യം നഷ്ടമാകും എന്നാണ് തനിക്ക് തോന്നുന്നതെന്ന അദ്ദേഹം പറഞ്ഞു. ഒരു മാഗസീന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. ‘ഓരോ സിനിമ ഇറങ്ങുമ്പോഴും ഓരോ തരം മുദ്രകുത്തലുകൾ ഉണ്ടാകാറുണ്ട്. നമ്മുടെ പല നിരൂപകരും ഈ മുദ്ര കുത്തലുകൾ തൊഴിലാക്കിയവരാണ്. എന്നാൽ നിരീക്ഷകന്റെ രാഷ്ട്രീയമാണ് എന്റേത്.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗമായാൽ വിമർശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും എന്നാണ് ചിന്ത. ആർട്ടിസ്റ്റ് ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മുൻപ് സാമുഹിക വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.
എന്നാൽ നമ്മുടെ പോസ്റ്റുകളുടെ കമന്റ് സെക്ഷൻ സ്പർധയുദ്ധങ്ങളുടെ പോർക്കളം ആകുന്നത് കണ്ടതോടെ അതു ഗണ്യമായി കുറച്ചു,’മുരളി ഗോപി പറഞ്ഞു. താൻ എഴുതിയതും അഭിനയിച്ചതുമായ സിനിമകളിൽ മിക്കതും ചർച്ചയായിട്ടുണ്ടെങ്കിലും വലിയ വിജയം ലൂസിഫറിനാണ് ലഭിച്ചതെന്നും അഭിമുഖത്തിൽ മുരളി ഗോപി പറയുന്നു.
‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ‘, ‘ഈ അടുത്ത കാലത്തും’, ‘കാറ്റും’, ‘ടിയാനും’, ‘കമ്മാരസംഭവ’വുമെല്ലാം ചർച്ച ചെയ്യപ്പെട്ടപ്പോൾ പലരും പറഞ്ഞത് ‘കാലത്തിനു മുൻപേ സഞ്ചരിക്കുന്നതാണ് എന്റെ സിനിമയെന്നാണ്. എന്നാൽ എനിക്ക് അത് വേണ്ട. കാലത്തിനൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന സിനിമ ചെയ്യാനാണ് എനിക്ക് താത്പര്യം, എന്നും അഭിമുഖത്തിൽ മുരളി ഗോപി പറഞ്ഞു.