ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മത്സര രംഗത്തിറങ്ങും.

ന്യൂഡൽഹി/ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മത്സര രംഗത്തിറങ്ങും. നേതൃത്വം ആർക്കാണെന്നോ, യു ഡി എഫ് വിജയിച്ചാൽ മുഖ്യമന്ത്രി ആരെന്നോ ഉള്ള കാര്യം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. ഉമ്മൻചാണ്ടി കൂടി മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാന്റ് അംഗീകരിക്കുകയായിരുന്നു. ഉമ്മൻചാണ്ടി പുതുപ്പളളിയിൽ നിന്നും രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും തന്നെയാകും ജനവിധി തേടുക.
നേതൃ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല മാത്രം മത്സരിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഉമ്മൻചാണ്ടിയുടെ സീറ്റ് മകന് നൽകാനായിരുന്നു നീക്കം. ഉമ്മൻചാണ്ടി കൂടി മത്സരിക്കണമെന്ന് ചില സംസ്ഥാന നേതാക്കളുടെ സമ്മർദത്തിന് വഴങ്ങി ഹൈക്കമാൻഡ് എത്തിച്ചേരുകയായിരുന്നു. നേതാവ് ആരാണെന്ന ധാരണ ഇപ്പോൾ വേണ്ടെന്നും, രണ്ട് നേതാക്കളും മത്സരിച്ച് തിരഞ്ഞെടുപ്പ് വിജയിച്ച് വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാം എന്നുമാണ് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തെ അറിയിക്കുന്നത്. ഹൈക്കമാൻഡിന്റെ ശക്തമായ ഇടപെടലുകളോടെ ആയിരിക്കും പ്രചാരണ പരിപാടികൾ നടക്കുക. എ കെ ആന്റണി ഉൾപ്പടെയുളള മുതിർന്ന നേതാക്കൾ പ്രചാരണത്തിനായി കേരളത്തിലെത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആന്റണി കേരളത്തിലെത്തും. എല്ലാ ജില്ലകളും സന്ദർശിച്ച് കേരളത്തിൽ തന്നെ തങ്ങി ആന്റണി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം വഹിക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാണ് മുഖ്യമന്ത്രിസ്ഥാനാർത്ഥിയെന്ന കാര്യത്തിൽ തർക്കം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്ന്, ഉമ്മൻചാണ്ടി തന്നെയാണ് യു ഡി എഫിനെ തെരെഞ്ഞെടുപ്പിൽ നയിച്ചത്. രമേശ് ചെന്നിത്തലയാണ് ഇപ്പോൾ പ്രതിപക്ഷനേതാവ്. ചെന്നിത്തല തന്നെയാണോ മുഖ്യമന്ത്രിസ്ഥാനാർത്ഥിയെന്ന ചോദ്യങ്ങൾ ഉയരും. ഏതായാലും ഹൈക്കമാൻഡ് സജീവമായി കേരളത്തിലെ പ്രചാരണത്തിന് നേതൃത്വം നൽകുമെന്ന കാര്യം ഉറപ്പായിയുരിക്കുകയാണ്.