ജോര്‍ജ്ജ് അലന്‍ ജോണിന്റെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം.

സിവിൽ സർവീസ് പരീക്ഷയിൽ 156ാം റാങ്ക് നേടിയ ജോര്‍ജ്ജ് അലന്‍ ജോണിന്റെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം. ആന്‍റി ടെററസിറ്റ് സ്ക്വാഡ് എസ്.പി ചൈത്ര തെരേസ ജോണിന്‍റെ സഹോദരന്‍ ആണ് ജോര്‍ജ്ജ് അലന്‍ ജോണ്‍. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയിക്കിമ്പോൾ ജോര്‍ജ്ജ് അലന്‍ ജോണ്‍ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഓര്‍ത്തോ പീഡിക് സർജൻ കൂടിയാണ്. കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ കേന്ദ്ര ധനകാര്യ വകുപ്പില്‍ നിന്ന് സ്പെഷ്യല്‍ സെക്രട്ടറിയായി വിരമിച്ച ജോണ്‍ ജോസഫിന്‍റെ വീട്ടില്‍ മൂന്ന് സിവില്‍ സര്‍വ്വീസുകാരായി.
ജോണ്‍ ജോസഫിന്‍റെ മക്കളാണ് ചൈത്രയും ജോര്‍ജ്ജ് അലനും. വീട്ടിലെ ആദ്യ സിവില്‍ സര്‍വ്വീസുകാരന്‍ ഇരുവരുടെയും പിതാവ് ജോണ്‍ ജോസഫ് തന്നെ. 1983ലാണ് ജോണ്‍ ജോസഫിന് സിവിൽ സർവീസ് ലഭിക്കുന്നത്. 2015ലാണ് ചൈത്ര തെരേസ ജോണ്‍ 111ാം റാങ്കുകാരിയായി സിവില്‍ സര്‍വ്വീസ് സ്വന്തമാക്കുന്നത്. ജോര്‍ജ്ജ് അലന്‍ ജോണ്‍ 2017 ൽ സിവില്‍ സര്‍വ്വീസ് എഴുതിയിരുന്നതാണ്. അന്ന് 500ാം റാങ്കായിരുന്നു ലഭിച്ചത്. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ജോര്‍ജ്ജ് അലന്‍ ജോണ്‍ എവിടെയും പരിശീലനത്തിന് പോയിരുന്നില്ല. ആശുപത്രിയിലെ ജോലിക്കിടയില്‍ ലഭിക്കുന്ന സമയത്തിനിടയിലായിരുന്നു പരീക്ഷക്കായുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നത്. ചേച്ചിയെ പോലെ ഐ.പി.എസ് ആണ് അലനും താല്പര്യം. ആരോഗ്യ സര്‍വ്വകലാശാലയുടെ എം.എസ് പരീക്ഷയില്‍ ഒന്നാംറാങ്ക്കാരനായിരുന്ന അലൻ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത്. അച്ഛന്‍ ജോണ്‍ ജോസഫും അനിമല്‍ ഹസ്ബന്‍ററി ജോയന്‍റ് ഡയറക്ടറായിരുന്ന അമ്മ ഡോക്ടര്‍ മേരി എബ്രഹാമും അലനൊപ്പം ഡല്‍ഹിയിലാണ് ഇപ്പോൾ താമസം.