സയിദ് മുഷ്താഖ് അലി ട്രോഫി,കേരളം ആന്ധ്രയോട് തോറ്റു

മുംബൈ: സയിദ് മുഷ്താഖ് അലി ട്വന്റി20യില്‍ വമ്പന്‍മാരെ അട്ടിമറിച്ച് എത്തിയ കേരളത്തിന് ആന്ധ്രാപ്രദേശിന് മുന്നില്‍ കാലിടറി. ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ കേരളം ആറു വിക്കറ്റിന് തോല്‍ക്കുകയായിരുന്നു. കേരളം ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം 17 പന്തും ആറു വിക്കറ്റും ശേഷിക്കെ ആന്ധ്രാപ്രദേശ് മറികടക്കുകയായിരുന്നു.
സ്‌കോര്‍- കേരളം 20 ഓവറില്‍ നാലിന് 112 & ആന്ധ്രാപ്രദേശ് 17.1 ഓവറില്‍ നാലിന് 113 മുംബൈ, ഡല്‍ഹി തുടങ്ങിയ വമ്പന്‍മാരെ വീഴ്ത്തിയ ആത്മവിശ്വാസവുമായി എത്തിയ കേരളത്തിന്റെ ബാറ്റിങ് നിര പതറുന്നതാണ് ആന്ധ്രയ്‌ക്കെതിരെ കണ്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കേരളത്തിന് നിശ്ചിത 20 ഓവറില്‍ നാലിന് 112 റണ്‍സ് മാത്രമാണ് നേടാനായത്. മുംബൈയ്‌ക്കെതിരെ അതിവേഗ സെഞ്ച്വറി നേടിയ മൊഹമ്മദ് അസ്ഹറുദ്ദീന്‍ എട്ടു റണ്‍സും ഡല്‍ഹിക്കെതിരെ ഹീറോയായ റോബിന്‍ ഉത്തപ്പ 12 റണ്‍സുമെടുത്ത് പുറത്തായി. നായകന്‍ സഞ്ജു വി സാംസണ്‍ ഏഴു റണ്‍സാണ് നേടിയത്.
ഒരു ഘട്ടത്തില്‍ നാലിന് 38 എന്ന നിലയില്‍ പതറിയ കേരളത്തെ മുന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. 34 പന്ത് നേരിട്ട സച്ചിന്‍ 51 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ ജലജ് സക്‌സേനയുമായി ചേര്‍ന്ന് 84 റണ്‍സാണ് സച്ചിന്‍ ബേബി കൂട്ടിച്ചേര്‍ത്തത്. സക്‌സേന 27 റണ്‍സെടുത്തു. ആന്ധ്രയ്ക്കുവേണ്ടി മനീഷ് ഗൊലമാരു രണ്ടു വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങില്‍ 48 റണ്‍സെടുത്ത ഓപ്പണര്‍ അശ്വിന്‍ ഹെബ്ബാറും നായകന്‍ അമ്ബാട്ടി റായിഡുവുമാണ് ആന്ധ്രയുടെ അനായാസം ലക്ഷ്യത്തിലെത്തിച്ചത്. 27 പന്ത് നേരിട്ട റായിഡു 38 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കേരളത്തിനുവേണ്ടി ജലജ് സക്‌സേന രണ്ടും ശ്രീശാന്ത്, സച്ചിന്‍ ബേബി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.