സാങ്കേതിക സര്‍വകലാശാല പെരുവഴിയിലാക്കിയത് 126 കുടുംബങ്ങളെ

തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ച് ഒരു വര്‍ഷം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത സാങ്കേതിക സര്‍വകലാശാല പെരുവഴിയിലാക്കിയത് 126 കുടുംബങ്ങളെ. സാങ്കേതിക സര്‍വകലാശാല ആസ്ഥാനം പണിയാന്‍ ഭൂമി വിട്ടുകൊടുത്തവരാണ് ഭൂമിയും പണവുമില്ലാതെ പെരുവഴിയില്‍ നില്‍ക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ നൂറ് ഏക്കര്‍ ഭൂമി ഏക്കര്‍ എറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍വകലാശാല പിന്നോട്ട് പോയതാണ് പ്രതിസന്ധിയുടെ കാരണം.
കഴിഞ്ഞ ഫെബ്രുവരി 16നാണ് ഏറെ കൊട്ടിഘോഷിച്ച് സാങ്കേതിക സര്‍വകലാശാലയുടെ സ്വന്തം കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയത്. ഒരു തുണ്ട് ഭൂമി പോലും വാങ്ങാതെയായിരുന്നു തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ശിലാപസ്ഥാപനം നടത്തിയത്. 2014ല്‍ സ്ഥാപിച്ച സര്‍വകലാശാല തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജ് ക്യാമ്പസിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തം ആസ്ഥാനമന്ദിരം വിളപ്പില്‍ശാലയില്‍ സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയത് 2017ലാണ്.
നെടുങ്കുഴി ഇടമല റോഡില്‍ വിളപ്പില്‍ശാല മാലിന്യസംസ്കരണശാലക്കടുത്തുള്ള 100 ഏക്കര്‍ ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. വിപണിവില നല്‍കാമെന്ന് പറഞ്ഞ് സ്ഥലം ഉടമകളില്‍ നിന്ന് സ്ഥലത്തിന്റെ രേഖകള്‍ സര്‍വകലാശാല വാങ്ങി. ഒരു വര്‍ഷം മുന്‍പ് രേഖകള്‍ വാങ്ങിയ ഇവര്‍ക്ക് ഇപ്പോള്‍ ആധാരവുമില്ല പണവുമില്ല എന്ന സ്ഥിതിയാണ്.
സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ച ശേഷം 100 ഏക്കറിന് സര്‍ക്കാര്‍ നിശ്ചയിച്ച പണം നല്കാന് സര്‍വകലാശാലക്ക് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങുന്നത്. 50 ഏക്കര്‍ മാത്രം ആദ്യമെടുക്കാമെന്നാണ് തീരുമാനമെന്നാണ് സര്‍വകലാശാല വിശദീകരിക്കുന്നത്. എന്നാല്‍ എപ്പോള്‍ എങ്ങനെ എന്ന കാര്യം ആര്‍ക്കുമറിയില്ല.