മിനിറ്റുകൾക്കുള്ളിൽ രണ്ട് തവണ കൊറോണ വാക്സീൻ നൽകി; പരാതിയുമായി കോഴിക്കോട് സ്വദേശി

കോഴിക്കോട്: കോഴിക്കോട് കെട്ടാങ്ങൽ സ്വദേശിക്ക് മിനിറ്റുകൾക്കുള്ളിൽ രണ്ട് തവണ കൊറോണ വാക്സീൻ നൽകിയതായി പരാതി. ഇതിനെ തുടർന്ന് കടുത്ത പനിയും തലവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ട മധ്യവയസ്ക്ക ചികിത്സ തേടി.
കെട്ടാങ്ങൽ കളന്തോട് കോഴിശേരികുന്നുമ്മൽ പ്രസീതയ്ക്കാണ് രണ്ട് ഡോസ് കൊറോണ വാക്സീൻ മിനിറ്റുകൾക്കുള്ളിൽ നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ബീച്ച് ആശുപത്രിയിൽ വച്ചാണ് ഒരു ഡോസ് വാക്സീൻ എടുത്ത ഉടനെ അടുത്ത ഡോസും കുത്തിവച്ചത്. ആശുപത്രിയിലെ നഴ്സിന് പറ്റിയ അബദ്ധമാണിതെന്ന് പ്രസീത പറയുന്നു.
ഒരു ഡോസ് വാക്സീൻ എടുത്ത് 28 ദിവസം കഴിഞ്ഞ ശേഷമാണ് അടുത്ത ഡോസ് സ്വീകരിക്കേണ്ടത്. കടുത്ത പനിയും തലവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതോടെ ഇവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. തുടർന്ന് ഉടൻ ചികിത്സ തേടാൻ നിർദേശിക്കുകയായിരുന്നു. ആശുപത്രിയിലെ അലംഭാവത്തിനെതിരെ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയിരിക്കുകയാണ് പ്രസീത. ആരോഗ്യമന്ത്രി അടക്കമുളളവർക്ക് പരാതി നൽകാനുള്ള തീരുമാനത്തിലാണ് കുടുംബം.