ബിഹാറിനെതിരെ 53 പന്തില്‍ കേരളത്തിന് വിജയം, തകര്‍പ്പന്‍ പ്രകടനവുമായി ശ്രീശാന്തും ഉത്തപ്പയും

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് നാലാം ജയം. കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍മാരായ കര്‍ണാടകയോട് ഏറ്റ പരാജയത്തെ മായ്ക്കുന്ന പ്രകടനമാണ് ബിഹാറിനെതിരെ കേരളം പുറത്തെടുത്തത്. ഒന്‍പതു വിക്കറ്റിനാണ് കേരളത്തിന്റെ ജയം. എസ്. ശ്രീശാന്തിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാര്‍ 40.2 ഓവറില്‍ 148 റണ്‍സിന് എല്ലാവരും പുറത്തായി. 149 റണ്‍സിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം 41.2 ഓവറുകള്‍ ബാക്കിനിര്‍ത്തി ഒരേയൊരു വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. ഇതോടെ, എലീറ്റ് ഗ്രൂപ്പ് സിയില്‍ കേരളം 16 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി. ഇതോടെ കേരളം നോക്കൗട്ട് സാധ്യത സജീവമാക്കി. 32 പന്തില്‍ നാലു ഫോറും 10 സിക്സും സഹിതം 87 റണ്‍സുമായി പുറത്താകാതെ നിന്ന റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്.
വിഷ്ണു വിനോദ് 12 പന്തില്‍ രണ്ടു ഫോറും നാലു സിക്സും സഹിതം 37 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ ഒന്‍പത് പന്തില്‍ രണ്ടുവീതം സിക്സും ഫോറും സഹിതം 24 റണ്‍സുമായി പുറത്താകാതെ നിന്നു. 149 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവര്‍ അതിവേഗ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 29 പന്തില്‍നിന്ന് അടിച്ചുകൂട്ടിയത് 76 റണ്‍സ്. 10 ഓവറിനുള്ളില്‍ കേരളം വിജയലക്ഷ്യം മറികടക്കും എന്ന നിലയില്‍ മുന്നേറുമ്ബോള്‍, വിഷ്ണു വിനോദിനെ വീഴ്ത്തി ക്യാപ്റ്റന്‍ അശുതോഷ് അമനാണ് സഖ്യത്തെ പിരിച്ചത്. 12 പന്തില്‍ രണ്ടു ഫോറും നാലു സിക്സും സഹിതം 37 റണ്‍സെടുത്താണ് വിഷ്ണു മടങ്ങിയത്. തൊട്ടുപിന്നാലെ ഇരു ടീമുകളും ഉച്ചഭക്ഷണത്തിനായി കയറി.