പ്രവാസികള്‍ക്കും പ്രവേശനമില്ല, ആളും അനക്കവുമില്ലാതെ കുവൈത്ത് വിമാനത്താവളം

കുവൈത്ത് സിറ്റി: വിദേശികളുടെ പ്രവേശന വിലക്ക് തുടരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആളനക്കമില്ലാത്ത അവസ്ഥ. വളരെ കുറച്ച് ഇന്‍കമിങ് വിമാനങ്ങള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇതില്‍ പലതും റദ്ദാക്കുകയും ചെയ്തു. വന്ന വിമാനങ്ങളില്‍ വിരലിലെണ്ണാവുന്ന യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. ഒരു വിമാനത്തില്‍ പരമാവധി 35 യാത്രക്കാര്‍ എന്ന് നിബന്ധന വെച്ചിട്ടുണ്ടെങ്കിലും അഞ്ചില്‍ താഴെ യാത്രക്കാരുമായാണ് നിരവധി വിമാനങ്ങള്‍ കുവൈത്തിലിറങ്ങിയത്. അമേരിക്കയില്‍നിന്ന് ദമ്മാം വഴി വന്ന വിമാനത്തില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
സ്വന്തം ചെലവില്‍ ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീനും ഏഴ് ദിവസം ഹോം ക്വാറന്റീനും അനുഷ്ഠിക്കണമെന്നാണ് കുവൈത്തിലെത്തുന്ന സ്വദേശികള്‍ക്ക് നിബന്ധന. വിദേശികള്‍ക്ക് ഫെബ്രുവരി ഏഴുമുതല്‍ രണ്ടാഴ്ചത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത് മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ നീട്ടുകയായിരുന്നു. വിമാനത്താവളത്തില്‍ യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് ആരോഗ്യ മന്ത്രാലയത്തിെന്റ നിര്‍ദേശം വരുന്നത്.
അതേസമയം, കുവൈത്തിലേക്ക് വരാനുള്ള നിരവധി യാത്രക്കാരാണ് ദുബൈ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. എന്നുവരെയാണ് പുതിയ വിലക്ക് ബാധകമാകുക എന്ന് പ്രഖ്യാപിക്കാത്തതിനാല്‍ കാത്തുനില്ക്കണോ നാട്ടിലേക്ക് തന്നെ തിരിച്ചുപോകണോ എന്ന ശങ്കയിലാണിവര്. വിസ പുതുക്കലുമായും ജോലിയുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തിലേക്ക് എത്തേണ്ടതുള്ളവര് കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കുവൈത്തില്‍നിന്ന് അവധിക്ക് നാട്ടില്‍ പോകാനിരിക്കുന്നവരും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്ന് ആശങ്കയിലാണ്.