
നടി ഖുശ്ബുവിനെതിരെ കോൺഗ്രസ് നടപടി. താരത്തെ എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി. കോൺഗ്രസ് വിട്ട് ഖുശ്ബു ബിജെപിയിൽ ചേരാനൊരുങ്ങുന്നതിനിടെയാണ് മുഖം രക്ഷിക്കാനുള്ള പാർട്ടി നടപടി. ഇതിന് പിന്നാലെ ഖുശ്ബു കോൺഗ്രസ് അംഗത്വം രാജിവെച്ചു.പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കാണ് ഖുശ്ബു രാജി കൈമാറിയത്. പിന്നാലെ താരത്തെ എ.ഐ.സി.സി വക്‌താവ് സ്‌ഥാനത്തുനിന്ന് മാറ്റിയതായി കോൺഗ്രസ്സ് അറിയിച്ചു.
ഖുശ്ബു ബിജെപിയിലേക്കെന്ന തരത്തിൽ കഴിഞ്ഞ ദിവസം നിരവധി വാർത്തകൾ വന്നിരുന്നു. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിജെപി ഉന്നത നേതാക്കളെ കാണുന്നതിനായി ഖുശ്ബു ഡൽഹിയിൽ എത്തിയതായാണ് റിപ്പോർട്ട്. എന്നാൽ വാർത്തകളോട് താരം പ്രതികരിച്ചിട്ടില്ല
കഴിഞ്ഞ കുറച്ചു കാലമായി കോൺഗ്രസ് തമിഴ്‌നാട് ഘടകവുമായി ഖുശ്ബു അകൽച്ചയിലായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിലെ അതൃപ്തിയും ഇതിനു കാരണമായിരുന്നു.’ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാർഥ്യ ബോധമില്ലാത്തവരുമാണ് കോൺഗ്രസിൻറെ ഉന്നതതലങ്ങളിലിരിക്കുന്നത്, തന്നെ പോലെ ആത്മാർഥമായി പ്രവർത്തിക്കാൻ തയാറായവരെ പാർട്ടിയെ നിയന്ത്രിക്കുന്നവർ ഒതുക്കാൻ ശ്രമിക്കുകയാണ്. പണമോ പ്രശസ്തിയോ ആഗ്രഹിച്ചല്ല ഞാൻ പാർട്ടിയിലേക്ക് കടന്നുവന്നത്.
ഏറെക്കാലത്തെ ആലോചനക്ക് ശേഷമാണ് പാർട്ടി വിടാനുള്ള തീരുമാനം കൈക്കൊണ്ടത്. രാഹുൽ ഗാന്ധിയോടും പാർട്ടിയിലെ മറ്റെല്ലാ സഹപ്രവർത്തകരോടും ഈ അവസരത്തിൽ നന്ദി പറയുന്നു. കോൺഗ്രസിൻറെ വക്താവായും അംഗമായും രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിലെ എല്ലാവരോടുമുള്ള കടപ്പാടും അറിയിക്കുന്നു. ‘ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ ഖുശ്ബു പറഞ്ഞു.