കൊയിലാണ്ടിയില്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ട് പോയി, സംശയം വിരല്‍ ചൂണ്ടുന്നത് ഇതിലേക്ക്…
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ വീണ്ടും യുവാവിനെ അഞ്ചഅംഗ സംഘം തട്ടിക്കൊണ്ട് പോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ സംഘത്തില്‍ അഞ്ച് പേരോളം ഉണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. എവിടെയാണ് ഇയാളെന്ന് വിവരം നല്‍കുന്ന തരത്തിലുളള ഫോണ്‍കോളോ മറ്റ് സന്ദേശങ്ങളോ ഒന്നും ഇതുവരെ വീട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. തട്ടിക്കൊണ്ട് പോയ ഹനീഫ ഏതെങ്കിലും തരത്തില്‍ സ്വര്‍ണക്കടത്തിനുള്ള ക്യാരിയറായി പ്രവര്‍ത്തിച്ചിരുന്നോ എന്ന രീതിയില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.
നേരത്തേ കൊയിലാണ്ടി ഊരള്ളൂര്‍ സ്വദേശിയായിരുന്ന അഷ്‌റഫ് എന്നയാളെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് തട്ടിക്കൊണ്ട് പോയിരുന്നു. ഇത് കഴിഞ്ഞ് കൃത്യം ഒരു മാസം കഴിയുമ്പോഴാണ് ഹനീഫയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോകുന്നത്. ഇവരില്‍ നിന്ന് കൊയിലാണ്ടി സ്വദേശിയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുമോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇത് വരെ മൂന്ന് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കൊടുവള്ളി സ്വദേശി പൂമുള്ളന്‍ കണ്ടിയില്‍ നൗഷാദ്, കിഴക്കോത്ത് സ്വദേശി താന്നിക്കല്‍ മുഹമ്മദ് സാലിഹ്, നെല്ലാംകണ്ടി സ്വദേശി കളിത്തൊടുകയില്‍ സൈഫുദ്ദീന്‍ എന്നിവരെയാണ് അഷ്‌റഫിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി സംഘമാണ് കൊയിലാണ്ടിയിലെ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തട്ടിക്കൊണ്ട് പോയ ശേഷം പിറ്റേന്ന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ അഷ്‌റഫിനെ കണ്ടെത്തുകയായിരുന്നു.
അഷ്‌റഫിനെ ഒരു തടിമില്ലില്‍ ഇറക്കി ദേഹമാകെ ബ്ലേഡ് കൊണ്ട് വരഞ്ഞ നിലയില്‍ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ജൂലായ് 13-ന് രാവിലെയാണ് കൊയിലാണ്ടിയിലെ വീട്ടില്‍ നിന്ന് അഷ്‌റഫിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയത്. അഷ്‌റഫ് മുമ്പും സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ട് കിലോ സ്വര്‍ണം മെയ് മാസത്തില്‍ നാട്ടിലെത്തിയപ്പോള്‍ റിയാദില്‍ നിന്ന് അഷ്‌റഫ് കൊണ്ട് വന്നിരുന്നു. ഈ സ്വര്‍ണം മറിച്ചു വിറ്റ് സ്വര്‍ണക്കടത്തിനിടെ തട്ടിക്കൊണ്ട് പോയെന്ന് അഷ്‌റഫ് പറഞ്ഞെന്ന് ആരോപിച്ചാണ് കൊടുവള്ളി സംഘം ഇയാളെ തട്ടിക്കൊണ്ട് പോയത്.