500 വര്‍ഷത്തെ അകല്‍ച്ച മറക്കാന്‍ മാര്‍പാപ്പയ്‌ക്കൊപ്പം മുട്ടുകുത്തി പ്രാർത്ഥിച്ച് ചാള്‍സ് രാജാവ്

റോമൻ കത്തോലിക്കാ സഭയും ചർച്ച് ഓഫ് ഇംഗ്ലണ്ടും തമ്മിൽ 500 വർഷമായി നിലനിന്നിരുന്ന അകൽച്ചയിൽ അനുരഞ്ജനത്തിന്റെ വഴി തുറന്ന്, ചാൾസ് മൂന്നാമൻ രാജാവ് സിസ്റ്റിൻ ചാപ്പലിൽ ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്കൊപ്പം പ്രാർത്ഥിച്ച സംഭവം ചരിത്രപരമായി.
ഹെൻറി എട്ടാമൻ രാജാവിന്റെ കാലത്ത് തുടങ്ങിയ വൈരാഗ്യത്തിനാണ് ഇപ്പോഴത്തെ രാജാവ് തിരുത്തൽ കുറിക്കുന്നത്. മകനില്ലാത്തതിനെ തുടർന്ന്, കാതറിൻ ഓഫ് അറഗോണുമായുള്ള വിവാഹബന്ധം വേർപെടുത്താനുള്ള ഹെൻറിയുടെ ആവശ്യം പോപ്പ് അംഗീകരിക്കാത്തതാണ് ശത്രുതയ്ക്ക് കാരണമായത്. തുടർന്ന് 1534-ൽ റോമൻ കത്തോലിക്കാ സഭയിൽ നിന്ന് വേർപിരിഞ്ഞ ഹെൻറി, ‘ചർച്ച് ഓഫ് ഇംഗ്ലണ്ട്’ സ്ഥാപിക്കുകയും സ്വയം അതിന്റെ പരമാധികാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക്കാ സഭയെ അടിച്ചമർത്താനും മഠങ്ങൾ നശിപ്പിക്കാനും പുരോഹിതന്മാരെ വധിക്കാനും ഹെൻറി ഉത്തരവിട്ടു.
നൂറ്റാണ്ടുകളായി ഇരുവിഭാഗങ്ങൾക്കുമിടയിൽ കലാപവും അക്രമവും നിലനിന്നിരുന്നു. 1701-ലെ നിയമം കത്തോലിക്കർക്ക് രാജസിംഹാസനത്തിൽ വിലക്കേർപ്പെടുത്തി. എന്നാൽ, കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തോടെ ബന്ധം മെച്ചപ്പെട്ടു. 2013-ൽ റോയൽ അനന്തരാവകാശികൾ കത്തോലിക്കരെ വിവാഹം കഴിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു.
കിംഗ് ചാൾസ് കത്തോലിക്ക സഭയുമായി അനുരഞ്ജനത്തിന് തയ്യാറായ ഈ നിമിഷത്തെ, “പരസ്പര സംശയത്തിന്റെ കാലം അവസാനിച്ചു” എന്ന് വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കാനൻ-തിയോളജിയൻ ജാമി ഹോക്കി വിശേഷിപ്പിച്ചു. ‘ദി കീസ് ആൻഡ് ദി കിംഗ്ഡം’ രചയിതാവ് കാതറിൻ പെപ്പിൻസ്റ്റർ, ലോകമെമ്പാടുമുള്ള 1.3 ബില്യൺ കത്തോലിക്കരുടെ നേതാവിനൊപ്പം ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവൻ മുട്ടുകുത്തി പ്രാർത്ഥിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് അഭിപ്രായപ്പെട്ടു.
Tag: King Charles kneels with Pope to pray to forget 500 years of separation



