സ്വവർഗാനുരാഗികളുടെ അവകാശം സംരക്ഷിക്കാൻ മാർഗനിർദേശങ്ങളുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: സ്വവർഗാനുരാഗാഭിമുഖ്യം മാറ്റാനുള്ള ചികിത്സ നിരോധിക്കണമെന്നും സ്വവർഗാനുരാഗികളുടെ അവകാശം സംരക്ഷിക്കാൻ മാർഗനിർദേശങ്ങളുമായി മദ്രാസ് ഹൈക്കോടതി.
ബന്ധുക്കളിൽനിന്ന് സുരക്ഷ ആവശ്യപ്പെട്ട് സ്വവർഗാനുരാഗികളായ രണ്ട് യുവതികൾ സമർപ്പിച്ച ഹർജി പരിഗണിച്ചയായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്.
സ്വവർഗാനുരാഗികളെ സഹായിക്കുന്ന സർക്കാരിതര സംഘടനകളുടെ വിവരങ്ങൾ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് മുന്നോട്ടുവെച്ചത്.കേസ് ഓഗസ്റ്റ് എട്ടിന് വീണ്ടും പരിഗണിക്കും.
ഒരേ ലിംഗത്തിൽപ്പെട്ട രണ്ട് പേർ സൗഹൃദത്തിലാകുന്നതും ജീവിതകാലം മുഴുവൻ ഒരുമിച്ച് താമസിക്കുന്നതും സമൂഹം അംഗീകരിക്കും. എന്നാൽ, ഇതേ ആളുകൾ സ്വവർഗലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അംഗീകരിക്കില്ല.
ഈ സ്ഥിതി മാറണം. കാണാതായ ആളെ അന്വേഷിക്കുമ്ബോൾ സ്വവർഗാനുരാഗബന്ധമാണ് ഒളിച്ചോട്ടത്തിന് കാരണമെന്ന് കണ്ടെത്തിയാൽ ബന്ധത്തിൽ ഉൾപ്പെട്ട രണ്ടുപേരുടെയും മൊഴിയെടുത്ത് അതിന്റെ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിക്കണം.
സ്വവർഗാനുരാഗികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന് സർക്കാർ നടപടിയെടുക്കണം. സ്വവർഗാനുരാഗാഭിമുഖ്യം മാറ്റുന്നതിനുള്ള ചികിത്സ നിരോധിക്കുകയും ഇത്തരം ചികിത്സയിൽ ഇടപെടുന്നവർക്കെതിരേ കർശന നടപടിയെടുക്കുകയും വേണം.
സ്വവർഗാനുരാഗികൾക്ക് ഭ്രഷ്ട് കൽപ്പിക്കുന്നത് ആളുകളുടെ അറിവില്ലായ്മ കൊണ്ടാണ്. അറിവില്ലായ്മ വിവേചനപരമായ ഇടപെടലിനുള്ള ന്യായീകരണമല്ല. നിയമം കൊണ്ടുമാത്രം ഈ സ്ഥിതി മാറില്ല. സാമൂഹികതലത്തിൽ ബോധവത്കരണമുണ്ടാകണം.
പോലീസുകാർ, ന്യായാധിപർ, സന്നദ്ധപ്രവർത്തകർ, പൊതുപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, സ്വവർഗാനുരാഗികളുടെ മാതാപിതാക്കൾ എന്നിവർക്കും ബോധവത്കരണം നൽകണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലും ബോധവത്കരണ പരിപാടികൾ നടത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. അഗതിമന്ദിരങ്ങളിൽ സ്വവർഗാനുരാഗികളെയും താമസിപ്പിക്കാൻ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.
എട്ട് ആഴ്ചയ്ക്കുള്ളിൽ ഈ നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ നടപ്പാക്കണമെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.