ഐടി വകുപ്പിന്റെ കീഴിൽ ശിവശങ്കർ ഭൂലോക തട്ടിപ്പു നടത്തിയതായി റിപ്പോർട്ട്

തിരുവനന്തപുരം / സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിലെ (കെഎസ്‌ഐ ടിഐഎല്‍) നിയമങ്ങളിൽ ഒന്നടങ്കവും, ജീവനക്കാർക്ക് ഇക്രിമെന്റുകൾ നൽകുന്നതിൽ പോലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ഭൂലോക തട്ടിപ്പു നടത്തിയതായി റിപ്പോർട്ട്. കെഎസ്‌ഐടിഐഎല്‍ പിഡബ്ല്യുസിയെ കണ്‍സള്‍ട്ടന്റാക്കിയ കാര്യം പോലും സര്‍ക്കാരിനെ ശിവശങ്കർ ആദ്യം അറിയിച്ചിരുന്നില്ല.
ഐടി സെക്രട്ടറിയായിരിക്കെ എം ശിവശങ്കർ അനധികൃതമായി നിയമനം നടത്തിയവരെയെല്ലാം പിരിച്ചു വിടണമെന്ന് ധനകാര്യപരിശോധനാ വിഭാഗമാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അടക്കം യോഗ്യതയില്ലാത്തവരെ ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ നിയമനം നൽകുകയായിരുന്നു. അനധികൃത നിയമനങ്ങള്‍ നടത്താന്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായി പറയുന്ന റിപ്പോർട്ടിൽ, ശിവശങ്കർ സ്വജനപക്ഷപാതം കാട്ടിയെന്നും മുഖ്യന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
2016ല്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെ ശിവശങ്കര്‍ മുൻകൈയെടുത്ത് കെഎസ്‌ഐടിഐഎല്ലില്‍ നിയമിച്ചു. 58 വയസ്സുവരെ മാത്രം നിയമനം നടത്താൻ പാടുള്ളൂ എന്ന ചട്ടം മറികടന്നാണ് 61 വയസ്സ് പൂര്‍ത്തിയായ ആളെ ശിവശങ്കർ നിയമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കെഎസ്‌ഐടിഐഎല്ലില്‍ തന്നെ ഫിനാന്‍സ് വിഭാഗത്തില്‍ ജോലി ചെയ്ത ഒരു വനിത ജീവനക്കാരിക്ക് ശിവശങ്കര്‍ ചട്ടങ്ങള്‍ പാലിക്കാതെ 5 ഇന്‍ക്രിമെന്റുകള്‍ ഒറ്റയടിക്ക് നൽകി. പിന്നീട് ഇവരെ ഒരു ദിവസം സുപ്രഭാതത്തിൽ ജോലിക്ക് യോഗ്യയല്ലെന്ന പേരില്‍ പിരിച്ചുവിടുകയും ഉണ്ടായി. നിയമനങ്ങള്‍ സുതാര്യമാക്കാന്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ധനകാര്യ വകുപ്പ് പറഞ്ഞിട്ടുണ്ട്. ശിവശങ്കറിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടെന്നാണ് ധനകാര്യ വകുപ്പിന്റെ കണ്ടെത്തൽ.