Kerala NewsLatest News

“ഞാന്‍ കൊന്നതല്ല, അവള്‍ തൂങ്ങിമരിച്ചതാണ്”. വീണ്ടും വീണ്ടും നുണക്കഥകള്‍ ആവര്‍ത്തിച്ച്‌ കിരണ്‍

കൊല്ലം: വിസ്മയയുടെത് ആത്മഹത്യയെന്ന് ആവര്‍ത്തിച്ച്‌ പ്രതി കിരണ്‍ കുമാര്‍. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറയുന്നത്. എന്നാല്‍ വിസ്മയയെ ക്രൂരമായി മര്‍ദിച്ചതായി കിരണ്‍ തുറന്നുസമ്മതിച്ചു. ഇന്ന് മരണം നടന്ന വീട്ടില്‍ കിരണിനെ എത്തിച്ച്‌ പോലീസ് തെളിവെടുപ്പ് നടത്തിയേക്കും.

കിരണിന്റെ മൊഴി ഇങ്ങനെ; വിസ്മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളഞ്ഞുവെന്നാണ് കിരണ്‍ പറയുന്നത്. ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവര്‍ത്തിച്ചുപറയുന്നു. എന്നാല്‍ ഏറെ നേരം വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടവ്വലുമായി പെണ്‍കുട്ടി പോയത് കണ്ടോ എന്ന ചോദ്യത്തിനും കിരണിന് മറുപടിയില്ല. പുലര്‍ച്ചെ മൂന്നരയ്ക്ക് വഴക്കുണ്ടായപ്പോള്‍ മാതാപിതാക്കള്‍ എത്തി ഇടപെട്ടു. ആ ദിവസം താന്‍ ഭാര്യയെ മര്‍ദിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ അമിതമായി വിസ്മയ ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ മൂന്ന് ഫോണുകള്‍ തല്ലി തകര്‍ത്തു. എന്നാല്‍ പിന്നീട് ഫോണ്‍ വാങ്ങി നല്‍കുകയും ചെയ്തുവെന്നാണ് കിരണിന്റെ മൊഴി.

എന്നാല്‍ തനിക്ക് കൂടുതല്‍ എതിര്‍പ്പുണ്ടായിരുന്നത് വിസ്മയയുടെ കുടുംബത്തോടാണ്. കാറിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ കുടുംബം പല കാര്യങ്ങളിലും വിശ്വാസ വഞ്ചന കാട്ടി. തന്റെ എതിര്‍പ്പ് അവഗണിച്ച്‌ വിസ്മയ സ്വന്തം കുടുംബത്തോട് അടുപ്പം കാണിച്ചതില്‍ കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഇതാണ് പലപ്പോഴും മര്‍ദനത്തില്‍ കലാശിച്ചത്. വിസ്മയയ്ക്ക് സഹോദരന്റെ വിവാഹ സമയത്ത് സ്വര്‍ണ്ണം നല്‍കാത്തതും ഇതുകൊണ്ടായിരുന്നുവെന്നാണ് കിരണിന്റെ വാദം.

അതോടൊപ്പം വിസ്മയയുടെ സഹോദരന്റെ വിവാഹത്തില്‍ താനും തന്റെ കുടുംബമോ പങ്കെടുത്തില്ലെന്നും കിരണ്‍ സമ്മതിച്ചു. വിസ്മയയുടെ ബന്ധുക്കള്‍ അധിക്ഷേപിച്ച്‌ സംസാരിച്ചത് കൊണ്ടാണ് ജനുവരി രണ്ടിന് പെണ്‍കുട്ടിയുടെ വീടിന് മുന്‍പില്‍ സംഘര്‍ഷമുണ്ടാക്കേണ്ടി വന്നത് എന്നും കിരണ്‍ പോലീസിന്റെ ചോദ്യം ചെയ്യലിന് മറുപടി നല്‍കി. എന്നാല്‍ തൂങ്ങി മരണമെന്നത് അന്വേഷണ സംഘം ഇപ്പോഴും വിശ്വസിക്കുന്നില്ല. പോലീസ് സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് നേരിട്ടെത്തി പരിശോധിക്കണമെന്ന ആവശ്യം അന്വേഷണ സംഘത്തിനുണ്ട്. വിഷയത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഇനി പുറത്തു വരേണ്ടതുമുണ്ട്. അതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ എന്നാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button