‘ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു’; തനിക്കെതിരെ അറസ്റ്റ് വാറണ്ട് വന്നു, കുറേ നാൾ കോടതി കയറിയിറങ്ങി നടക്കേണ്ടി വന്നെന്ന് സലിംകുമാർ

തന്റെ അഭിപ്രായങ്ങൾ എപ്പോഴും തുറന്നു പറയാറുള്ള താരമാണ് സലിം കുമാർ. ഇപ്പോഴിതാ യാദൃശ്ചികമായി തനിക്കെതിരെ വന്ന ഒരു പോലീസ് കേസിനെ പറ്റിയും തന്നെ അറസ്റ്റു ചെയ്തതിനെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ സലീം കുമാർ. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ് വാറണ്ട് വന്നതെന്നും ഇതിന്റെ പേരിൽ തനിക്ക് ഏറെക്കാലം കോടതി കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സലിംകുമാർ ഇതേ കുറിച്ച് പറഞ്ഞത്.
വർഷങ്ങൾക്ക് മുൻപ് കലാഭവൻ ജയൻ എന്ന എന്റെ സുഹൃത്ത് വന്ന് അവന്റെ ഒരു ദളിത് സുഹൃത്തിന് വീടില്ല എന്നു പറഞ്ഞു. അയാളെ സഹായിക്കാൻ വേണ്ടി ഞങ്ങൾ ഒരു കാസറ്റ് ഇറക്കാൻ തീരുമാനിച്ചു. ഈ കാസറ്റിന്റെ സ്‌ക്രിപ്റ്റിൽ കൃഷ്ണൻ കുട്ടി നായർ ഏത് ജാതിയിൽപ്പെട്ട ആളാണ് എന്നൊരു കാര്യം ഉണ്ടായിരുന്നു.
എല്ലാവരും എല്ലാ ജാതിയും പറഞ്ഞു. സ്‌ക്രിപ്റ്റിന് അനുസരിച്ച് ഞാൻ ‘ഉള്ളാടൻ’ എന്നാണ് പറയേണ്ടത്. വർഷങ്ങൾക്ക് ശേഷം എന്നെത്തേടി പൊലീസുകാർ വന്നു. അറസ്റ്റ് വാറന്റുണ്ട് എന്നാണ് അവർ പറയുന്നത്. ഉള്ളാടൻ മഹാസഭ കേസ് കൊടുത്തിരിക്കുകയാണ്. പണ്ട് ഞാൻ ആ കാസറ്റിൽ കൃഷ്ണൻകുട്ടി നായരുടെ ജാതി ഉള്ളാടൻ എന്ന് പറഞ്ഞതിനാണ് കേസ്.
മണിയും സജീവും ഉള്ളാടൻ എന്നു പറഞ്ഞിരുന്നു. മണിയും സജീവും ദളിതർ ആയതുകൊണ്ട് അവർക്കെതിരെ കേസ് വന്നില്ല. പക്ഷേ എനിക്കെതിരെ കേസ് വന്നു. അവർ പറയുന്നത് ദളിതർക്ക് ദളിതരുടെ ജാതി പറയാം. ഞാൻ ഈഴവനായതുകൊണ്ട് പറയാൻ പാടില്ല എന്നാണ്. നിരന്തരം കോടതി കയറി ഇറങ്ങാൻ തുടങ്ങി. ഇവരുടെ അസോസിയേഷനുമായി ബന്ധപ്പെടാൻ ശ്രമം നടത്തി. ഒരു രക്ഷയുമില്ല. പിന്നീട് ആ കേസ് തള്ളിപ്പോയി എന്നും സലിം കുമാർ പറഞ്ഞു.