Kerala NewsLatest NewsNewsPolitics

കെ.കെ രമ ബാഡ്ജ് ധരിച്ചെത്തിയത് ചട്ടലംഘനമല്ല; അംഗങ്ങള്‍ ബാഡ്ജുകളും പ്ലക്കാര്‍ഡുകളും കൊണ്ടുവരാറുണ്ട്

തിരുവനന്തപുരം: നിയമസഭാം​ഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം വടകരയില്‍ നിന്നുളള ജനപ്രതിനിധി കെ.കെ. രമ ഭര്‍ത്താവും ആര്‍.എം.പി നേതാവുമായിരുന്ന ടി.പി. ചന്ദ്രശേഖന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയത് ഗുരുതര ചട്ടലംഘനമല്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് കണ്ടെത്തി. സമര ദിവസങ്ങളില്‍ അംഗങ്ങള്‍ ബാഡ്ജുകളും പ്ലക്കാര്‍ഡുകളും സഭയില്‍ കൊണ്ടുവരാറുണ്ടെന്നാണ് സഭാ സെക്രട്ടറിയേറ്റിന്റെ വിശദീകരണം.

എന്നാല്‍ ബാഡ്ജ് ധരിച്ചെത്തിയത് തെറ്റായ സന്ദേശം നല്‍കുമെന്നതിനാല്‍ സ്പീക്കര്‍ എം.എല്‍.എയെ താക്കീത് ചെയ്യും. നിയമസഭയുടെ കോഡ് ഒഫ് കണ്ടക്ടില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ അംഗങ്ങളും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും സ്പീക്കര്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം ടി.പിയുടെ വധവുമായി ബന്ധപ്പെട്ട കാര്യങ്ങളും വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നത് സി.പി.എം നേതൃത്വത്തെ പ്രകോപിപ്പിച്ചതിനാലാണ് ചട്ടലംഘനത്തിലേക്ക് ഇത് എത്തുന്നതെന്ന് നേരത്തെ രമ പറഞ്ഞിരുന്നു. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ എ.കെ.ജി സെന്ററില്‍ നിന്നുള്ള കൃത്യമായ ഇടപെടലുണ്ട്. ഇത് ചട്ടലംഘനത്തിന്റെ വിഷയമല്ല ആസൂത്രിതമായ രാഷ്ട്രീയ നീക്കമാണെന്നും പകപോക്കല്‍ രാഷ്ട്രീയം എന്നുപോലും അതിനെ വിശേഷിപ്പിക്കേണ്ടിവരുമെന്നും അവര്‍ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button