40 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് സംസ്ഥാനത്ത് തുടർ ഭരണം
കേരളസംസ്ഥാനം ഉടലെടുത്തശേഷമുള്ള പ്രാധാന്യം അർഹിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. എൽ.ഡി.എഫിന് വൻവിജയം നൽകാൻ നാടും നഗരവും ഒരുമിച്ചുവെന്ന് തന്നെ പറയാം. നൂറിലധികം സീറ്റോടെ എൽ.ഡി.എഫിനെ ജനങ്ങൾ അധികാരത്തിലേറ്റുമെന്നായിരിന്നു നേതാക്കൾ പറഞ്ഞിരുന്നത്. മുന്നണി വിലയിരുത്തിയതും അതുതന്നെയായിരുന്നു.
ഇപ്പോഴത്തെ ഫലം സൂചന നൽകുന്നത്, 91 സീറ്റുകൾ നേടി ഇടതുപക്ഷം തന്നെ അധികാരത്തിൽ വരുമെന്നാണ്. സർക്കാർ രൂപവത്കരിക്കുന്നതിന് വലിയ ജനസമ്മതിയാണ് എൽ.ഡി.എഫിന് ലഭിച്ചത്. 40 വർഷത്തെ ചരിത്രമാണ് എൽ ഡി എഫ് തിരുത്തി കുറിക്കുന്നത്. മുന്നണികൾക്ക് മാറി മാറി അവസരം നൽകിയിരുന്ന കേരളം ജനത ഇക്കുറി ഇടതിനൊപ്പം തന്നെ നിലയുറപ്പിച്ചു. ഉച്ചയ്ക്ക് 12 വരെയുള്ള കണക്കുകൾ പ്രകാരം 91 സീറ്റുകളിലാണ് എൽഡിഎഫ് മുന്നേറ്റം തുടരുന്നത്. സംസ്ഥാനത്ത് ആകെ ഇടതു തരംഗമാണ് അലയടിക്കുന്നത്.
സംസ്ഥാനത്തെ പത്തോളം ജില്ലകളിൽ എൽഡിഎഫ് തേരോട്ടമാണ് ഉണ്ടായിരിക്കുന്നത്. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ യുഡിഎഫ് മുന്നിട്ട് നിന്നു. കൊല്ലത്ത് എൽഡിഎഫിന് തിരിച്ചടിയായി മന്ത്രി ജെ. മേഴ്സികുട്ടിയമ്മ പിന്നിൽ പോയി. ആലപ്പുഴയിൽ യുഡിഎഫിന് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ മാത്രമാണ് ലീഡ് നേടാനായത്.
കോട്ടയത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. അഞ്ചു സീറ്റിൽ എൽഡിഎഫും നാലു സീറ്റിൽ യുഡിഎഫുമാണ് മുന്നേറുന്നത്. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള യുഡിഎഫ് സ്ഥാനാർഥികളുടെ ലീഡ് നിലയിൽ ഞെട്ടിക്കുന്ന കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, പാലായിൽ ജോസ് കെ. മാണിയെ തറപറ്റിച്ച് മാണി സി. കാപ്പൻ വൻ മുന്നേറ്റം നടത്തിയതും കേരളാ കോൺഗ്രസ് എമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.